ടി സിദ്ദിഖിനും കെ സുധാകരന്റെയും നേരെ വാടാ പോടാ വിളികളുമായി പ്രവർത്തകർ : കൊല്ലത്തും കോൺഗ്രസിൽ തമ്മിലടി

0
118

കോൺഗ്രസിനെ സെമി കേഡർ പാർടിയാക്കമെന്ന പ്രഖ്യാപനവുമായി കൊല്ലത്തെത്തിയ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ സാന്നിധ്യത്തിൽ കോൺഗ്രസ്‌ നേതാക്കളുടെയും പ്രവർത്തകരുടെയും വാഗ്വാദവും കൈയാങ്കളിയും. വെള്ളിയാഴ്‌ച ഡിസിസി നേതൃയോഗത്തിനെത്തിയ സുധാകരനും വർക്കിങ്‌ പ്രസിഡന്റുമാരായ ടി സിദ്ദിഖിനും കൊടുക്കുന്നിൽ സുരേഷിനും സ്വന്തം ‘കേഡർ’മാരുടെ ചൂട്‌ നന്നായി ഏറ്റുവാങ്ങേണ്ടിവന്നു.

വൈകിട്ട്‌ മൂന്നിന്‌ എത്തുമെന്ന്‌ അറിയിച്ച സുധാകരൻ എത്തിയത്‌ 5.15നാണ്‌. വന്നപാടേ മാധ്യമപ്രവർത്തകരെ കാണാൻ ഡിസിസി ഓഫീസിലേക്ക്‌ കയറിയ കെ സുധാകരന്‌ പിന്നാലെ പ്രവർത്തകരും തള്ളിക്കയറി. ഇതോടെ സേവാദളുകാരും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമായി. ഈ സമയം എത്തിയ ടി സിദ്ദിഖിനെ സേവാദളുകാർ മുറിയിലേക്ക്‌ കയറ്റിവിട്ടില്ല. തുടർന്ന്‌ വാടാ പോടാ വിളിയും പിടിച്ചുതള്ളുമുണ്ടായി.

ബഹളം കൂടിയതോടെ സുധാകരനും കൊടിക്കുന്നിലും മുറിയിൽനിന്ന്‌ പുറത്തേക്കുവന്നെങ്കിലും പ്രവർത്തകർ വാഗ്വാദം തുടർന്നു. സിദ്ദിഖിനെ തിരിച്ചറിയാത്ത സേവാദളുകാരെ പുറത്താക്കണമെന്ന്‌ പ്രവർത്തകർ വിളിച്ചുപറഞ്ഞു. ഒടുവിൽ ബഹളത്തിനിടയിൽനിന്ന്‌ സിദ്ദിഖിനെ സുധാകരൻ മുറിക്കകത്താക്കി. സുധാകരനെ സ്വീകരിക്കാൻ മാലപ്പടക്കം പൊട്ടിച്ചതോടെ സമീപത്തുണ്ടായിരുന്ന കടന്നൽകൂട്‌ ഇളകിയതും ആശങ്കയുളവാക്കി.