സംസ്ഥാനത്തിന്റെ വ്യാവസായിക രംഗത്ത് ഇലക്ട്രോണിക്സ് മേഖലയ്ക്ക് കൂടുതല്‍ ഫോക്കസ് നല്‍കുമെന്നും അതിനു ചുക്കാന്‍ പിടിക്കാന്‍ ശേഷിയുള്ളതാക്കി കെല്‍ട്രോണിനെ ഉയര്‍ത്തുമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സര്‍ക്കാരിന്റെ 100 ദിന പദ്ധതികളുടെ ഭാഗമായി കെല്‍ട്രോണ്‍ നിര്‍മ്മിച്ച പള്‍സ് ഓക്സിമീറ്റര്‍, ശ്രവണ്‍ – മിനി ഹിയറിങ് എയ്ഡ്, സോളാര്‍ പമ്പ് കണ്‍ട്രോളര്‍, 5kVA യു പി എസ് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വലിയ ശ്രമം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കേരളം മാത്രമാണ് ഇന്ന് പൊതുമേഖലയെ സംരക്ഷിക്കുന്നത്. എന്നാല്‍ അത് വിജയകരമായ ബദലാണെന്നു ബോധ്യപ്പെടുത്തണമെങ്കില്‍ അവയെല്ലാം ലാഭകരമാക്കണം. പൊതുമേഖലയുടെ സംരക്ഷണം അവിടുള്ള ജീവനക്കാരുടെയും സംഘടനകളുടെയും മാത്രം ചുമതലയല്ല. ഗവണ്മെന്റ്, മാനേജ്‌മെന്റുകള്‍, ജീവനക്കാര്‍, തൊഴിലാളികള്‍, അവരുടെ സംഘടനകള്‍ തുടങ്ങി എല്ലാവരും ചേര്‍ന്നാല്‍ നമുക്ക് വലിയ മാറ്റം ഈ മേഖലയില്‍ കൊണ്ടുവരാന്‍ കഴിയും.
സര്‍ക്കാര്‍ എല്ലാ പൊതുമേഖലയുടെയും മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പൊതുമേഖലയ്ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കുന്ന തരത്തില്‍ ബോര്‍ഡുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ നയങ്ങള്‍ക്ക് അനുസൃതമാണോ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്ന് പരിശോധിക്കേണ്ട ചുമതല ബോര്‍ഡുകള്‍ക്കായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ അദ്ധ്യക്ഷനായി. കരകുളം പഞ്ചായത്ത് പ്രസിഡണ്ട് ലേഖ റാണി, വാര്‍ഡ് മെമ്പര്‍ എസ് സുരേഷ് കുമാര്‍, കെല്‍ട്രോണ്‍ ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ എന്‍ നാരായണമൂര്‍ത്തി, ചീഫ് ജനറല്‍ മാനേജര്‍മാരായ ബെറ്റി ജോണ്‍, കെ ഉഷ, പ്ലാനിംഗ് മേധാവി സുബ്രഹ്‌മണ്യം, അംഗീകൃത തൊഴിലാളി സംഘടനാ പ്രസിഡന്റുമാര്‍, കെല്‍ട്രോണ്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.