തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹോസ്റ്റല്‍ സംവിധാനം മെച്ചപ്പെടുത്തും : മന്ത്രി പി എ മുഹമ്മദ് റിയാസ്

0
86

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹോസ്റ്റല്‍ സംവിധാനം മെച്ചപ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മെഡിക്കല്‍ കോളേജിലെ ഗേള്‍സ് ഹോസ്റ്റലിന്റെ ശോച്യാവസ്ഥ സംബന്ധിച്ച പരാതികള്‍ നേരിട്ടെത്തി പരിശോധിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി .

മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലിലെ വൃത്തിഹീനമായതും ഉപയോഗശൂന്യമായതുമായ ബാത്ത് റൂമുകളും ടോയ് ലെറ്റുകളും അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹൗസ് സര്‍ജന്‍സ് ക്വാര്‍ട്ടേസുകളിലെ ഫ്ലോര്‍ ടൈലുകള്‍ പരിശോധിച്ച് അടിയന്തര അറ്റകുറ്റപ്പണിക്ക് നിര്‍ദ്ദേശം നല്കി. അറ്റകുറ്റപ്പണിക്കുള്ള എസ്റ്റിമേറ്റ് എടുക്കാന്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എഞ്ചിനീയറേയും അസിസ്റ്റന്‍റ് എഞ്ചിനീയറേയും ചുമതലപ്പെടുത്തി. സെപ്തംബര്‍ മുപ്പതിനകം എസ്റ്റിമേറ്റ് തയ്യാറാക്കുകയും അടിയന്തരമായി നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയത്.

ഹോസ്റ്റലിന് സമീപം സാമൂഹ്യവിരുദ്ധ ശല്യമുണ്ടെന്ന പരാതി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. ചുറ്റുമതില്‍ ഇല്ലാത്തിടത്ത് മതില്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കും . പി ജി ഹോസ്റ്റലില്‍ മതിലിന്റെ ഉയരം വര്‍ദ്ധിപ്പിക്കും. സുരക്ഷാ വേലികളും നിര്‍മ്മിക്കും. ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാനും അസിസ്റ്റന്‍റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. ചുറ്റുമുള്ള റോഡില്‍ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തിടത്ത് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് പി ഡബ്ല്യു ഡി ഇലക്ട്രിക്കല്‍ വിംഗിനെ മന്ത്രി ചുമതലപ്പെടുത്തി. സുരക്ഷക്കായി സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിക്കാന്‍ പി ഡബ്ല്യു ഡി ഇലക്ട്രോണിക്സ് വിംഗിനേയും ചുമതലപ്പെടുത്തി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.