Friday
2 January 2026
23.1 C
Kerala
HomeIndiaപിഎം കെയേഴ്‌സ്‌ ഫണ്ട്‌ ഭരണഘടനപ്രകാരം രൂപീകരിച്ചതല്ലെന്നും സ്വീകരിക്കുന്ന പണം കേന്ദ്രഖജനാവിൽ പോകുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍

പിഎം കെയേഴ്‌സ്‌ ഫണ്ട്‌ ഭരണഘടനപ്രകാരം രൂപീകരിച്ചതല്ലെന്നും സ്വീകരിക്കുന്ന പണം കേന്ദ്രഖജനാവിൽ പോകുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍

പിഎം കെയേഴ്‌സിന്റെ പ്രവർത്തനത്തിൽ കേന്ദ്രസര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്നും പ്രധാനമന്ത്രി ഓഫീസ്(പിഎംഒ) അണ്ടർ സെക്രട്ടറി പ്രദീപ്‌കുമാർ ശ്രീവാസ്‌തവ ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നല്‍കി.

“പബ്ലിക് ചാരിറ്റബിൾ ട്രസ്‌റ്റ്‌’ ആയി രജിസ്‌റ്റർ ചെയ്‌ത പിഎം കെയേഴ്‌സിന്റെ കണക്കുകൾ വിവരാവകാശനിയമപ്രകാരം പങ്കുവയ്‌ക്കാൻ കഴിയില്ലെന്നും പിഎംഒ അറിയിച്ചു. പിഎം കെയേഴ്‌സ്‌ ഫണ്ട്‌ സർക്കാർ സംവിധാനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സമ്യക് ഗാങ്‌വൽ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിലപാട്‌ അറിയിച്ചത്‌.

പ്രധാനമന്ത്രി അധ്യക്ഷനും ആഭ്യന്തരമന്ത്രി, ധനമന്ത്രി, പ്രതിരോധമന്ത്രി എന്നിവർ സഹട്രസ്‌റ്റികളുമായി കഴിഞ്ഞവർഷം മാർച്ചിലാണ്‌ പിഎം കെയേഴ്‌സ്‌ രൂപീകരിച്ചത്‌. രണ്ട്‌ വർഷത്തേക്ക്‌ എംപിമാരുടെ പ്രാദേശിക വികസനഫണ്ട്‌ നിർത്തി 365 കോടി രൂപ പിഎം കെയേഴ്‌സിലേക്ക്‌ സംഭാവനയായി സ്വീകരിച്ചു.കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും ജീവനക്കാരും സംഭാവന നൽകി. വിദേശത്തുനിന്നും സംഭാവന സ്വീകരിക്കുന്നു.

2019–-20ൽ 3076.62 കോടി രൂപ സംഭാവന വാങ്ങി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയുള്ളപ്പോള്‍ വേറെ ഫണ്ട്‌ രൂപീകരിച്ചത്‌ വിവാദമായി. ‌
പ്രധാനമന്ത്രിയുടെ ഓഫീസ്‌, സൗത്ത്‌ ബ്ലോക്ക്‌, ന്യൂഡൽഹി എന്ന വിലാസത്തിൽ ഡൽഹി സർക്കാർ റവന്യൂ വകുപ്പിലാണ്‌ പിഎം കെയേഴ്‌സ്‌ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. രാജ്യത്തിന്റെ ഔദ്യോ​ഗിക ചിഹ്നങ്ങളും പ്രധാനമന്ത്രിയുടെ ചിത്രവും മറ്റും ഉപയോ​ഗിച്ച് പണം സമാഹരിക്കുന്നെങ്കിലും ഫണ്ട് സര്‍ക്കാരിന്റേതല്ലെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയത്. സിഎജി ഓഡിറ്റിന്റെ പരിധിയിലും പിഎം കെയേഴ്‌സ്‌ വരില്ലെന്ന്‌ ഇക്കൊല്ലം ഏപ്രിലിൽ സർക്കാർ പ്രഖ്യാപിച്ചു.

RELATED ARTICLES

Most Popular

Recent Comments