അസമിൽ പോലീസിന്റെ മനുഷ്യവേട്ട 2000 പേരെ കുടിയിറക്കി, രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്

0
76

ഭൂമി കയ്യേറി എന്നാരോപിച്ചായിരുന്നു അസമിൽ പോലീസിന്റെ നേതൃത്വത്തിൽ വലിയ അതിക്രമം അഴിച്ചു വിട്ടത്. പൊലീസ് നടത്തിയ നരനായാട്ടിൽ രണ്ട് ​മരണം. നിരവധി ​പേർക്ക് പരിക്ക്. ബലംപ്രയോ​ഗിച്ചുള്ള കുടിയൊഴിപ്പിക്കൽ എതിർത്ത ​ഗ്രാമവാസികൾക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിർത്തു. കിട്ടിയവരെയെല്ലാം തല്ലിച്ചതച്ചു. ദരങ് ജില്ലയിലെ ധോൽപുരിലെ ​ഗ്രാമീണ മേഖലയിലാണ് സംഭവം. എണ്ണൂറോളം കുടുംബങ്ങളിൽ പെട്ട 2000 പേര് കുടിയിറക്കപ്പെട്ടു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളാണ് ഇവിടത്തെ താമസക്കാരിൽ അധികവും. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ മഴയിൽനിന്ന് രക്ഷനേടാൻ താൽക്കാലിക കൂരകളിൽ അഭയംതേടിയ വീഡിയോ പുറത്തുവന്നു. പ്രകോപനങ്ങളൊന്നും ഇല്ലാതെ പോലീസ് വേദി വെയ്ക്കുന്നതിന്റെയും മർദിച്ചു കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ശക്തമായ പ്രതിഷേധം കേന്ദ്ര സർക്കാരിനെതിരെ ഉയരുകയാണ്.

ധോൽപുരിൽ വർഷങ്ങളായി താമസിച്ചിരുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാൻ വ്യാഴാഴ്ച പൊലീസ് എത്തിയപ്പോൾ ​ഗ്രാമവാസികൾ പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിച്ച ​പ്രതിഷേധക്കാരെ പൊലീസ് തല്ലിച്ചതച്ചു. കല്ലേറിൽ ഒമ്പത് പൊലീസുകാർക്കും പരിക്കേറ്റു.മൂന്നു മാസത്തിനിടെ ബിജെപി സർക്കാർ നടത്തുന്ന രണ്ടാമത്തെ ഒഴിപ്പിക്കലാണിത്. തിങ്കളാഴ്ച ധോൽപുർ ബസാർ, വെസ്റ്റ് ചുബ എന്നിവിടങ്ങളിലെ എണ്ണൂറോളം കുടുംബത്തെ പൊലീസ് ഒഴിപ്പിച്ചു. ജൂണിൽ 49 മുസ്ലിം കുടുംബത്തെയും ഒരു ഹിന്ദു കുടുംബത്തെയും ഒഴിപ്പിച്ചു. ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ ഉദ്യോ​ഗസ്ഥരെ അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ സർമ അഭിനന്ദിച്ചു.