പൊലീസ് നരനായാട്ടിനിടെ മരിച്ചയാളുടെ നെഞ്ചില്‍ ചാടി ചവിട്ടിയ ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തു

0
91

അസമില്‍ വെടിയേറ്റ് മരിച്ച ഗ്രാമവാസിയുടെ നെഞ്ചിൽ ചാടി ചവിട്ടുകയും മർദിക്കുകയും ചെയ്ത ഫോട്ടോഗ്രാഫറെ പൊലീസ് അറസ്റ്റ് ചെയ്തു. കുടിയൊഴിപ്പിക്കൽ ചിത്രീകരിക്കാൻ ജില്ലാ ഭരണകൂടം തന്നെ ഏർപ്പെടുത്തിയ ഫോട്ടോഗ്രാഫര്‍ ബിജയ് ഷങ്കര്‍ ബനിയയെയാണ് അറസ്റ്റ് ചെയ്തത്. നിരായുധരായ ഗ്രാമവാസികളെ പൊലീസ് വെടിവെച്ചു വീഴ്ത്തുന്നതിനിടെ വർഗീയത മൂത്ത ബിജയ് ഷങ്കര്‍ ബനിയ മരിച്ചുവീണയാളുടെ നെഞ്ചത്ത് ചാടി ചവിട്ടിയത്. മൃതദേഹത്തെ അപമാനിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ വ്യക്തിയെ ബിജയ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രതിഷേധക്കാരില്‍ ഒരാളെ പൊലീസ് വെടിവെയ്ക്കുന്നതും പിന്നീട് ലാത്തി ഉപയോഗിച്ച് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്.

ഇതിന് പിന്നാലെയാണ് ഫോട്ടോഗ്രാഫര്‍ ക്രൂരമായി ഇയാളെ മര്‍ദ്ദിക്കുന്നതും ഒന്നിലേറെ തവണ ചാടി നെഞ്ചില്‍ ചവിട്ടുകയും ചെയതത്. ഓടിവന്ന് നെഞ്ചിലേക്ക് ചാടി ചവിട്ടുന്നതും പിന്നീട് കാലുപയോഗിച്ച് കഴുത്തില്‍ ചവിട്ടി ഞെരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പൊലീസ് ഇയാളെ പിടിച്ചുമാറ്റിയിരുന്നു. എന്നാല്‍ വീണ്ടും ഇയാള്‍ ഓടി വന്ന് പരിക്കേറ്റയാളെ മര്‍ദ്ദിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഫോട്ടോഗ്രാഫറെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ അസം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അസമില്‍ ഭൂമി കൈയേറ്റം ആരോപിച്ചായിരുന്നു പൊലീസിന്റെ നരനായാട്ട്. കൈയേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്.