തെരഞ്ഞെടുപ്പ് കോഴ: വ്യാജ മൊഴി നൽകി സുരേന്ദ്രൻ, വീണ്ടും ചോദ്യം ചെയ്യും, അറസ്റ്റ് ചെയ്‌തേക്കും

0
86

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ കെ സുരേന്ദ്രൻ വ്യാജ മൊഴി നൽകിയതായി കണ്ടെത്തി.കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ആദ്യഘട്ട ചോദ്യം ചെയ്യലിൽ കെ സുരേന്ദ്രൻ വസ്തുതാവിരുദ്ധമായി മൊഴി നൽകിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതിനെത്തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കോഴക്കേസിലെ നിർണായക തെളിവുകളിലൊന്നായ മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്നായിരുന്നു കെ.സുരേന്ദ്രൻ കഴിഞ്ഞ വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യലിൽ നൽകിയ മൊഴി. എന്നാൽ സുരേന്ദ്രൻ ഇപ്പോഴും ഈ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് സൈബർ സെൽ അന്വേഷണത്തിൽ കണ്ടെത്തി.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ.സുന്ദരയ്ക്ക് പത്രിക പിൻവലിക്കാൻ പണം നൽകിയെന്നാണ് കേസ്. കേസ് കെട്ടിച്ചമച്ചതാണെന്നും കെ.സുന്ദരയെ തനിക്ക് അറിയില്ല. പരാതിയിൽ പറയുന്ന ദിവസം കാസർഗോട് ഇല്ലായിരുന്നു എന്നുമാണ് ചോദ്യം ചെയ്യലിൽ സുരേന്ദ്രൻ അന്വേഷണ സംഘത്തോട് പറഞ്ഞത്. കെ.സുന്ദര നാമനിർദേശ പത്രിക പിൻവലിക്കാൻ അപേക്ഷ തയ്യാറാക്കിയ കാസർഗോട്ടെ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്ന സുരേന്ദ്രന്റെ മൊഴി തെറ്റാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതോടെയാണ് അന്വേഷണ സംഘത്തിന് സംഭവത്തിൽ കെ സുരേന്ദ്രന് പങ്കുണ്ടെന്ന് എന്ന സംശയം ശക്തമാകുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്, രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് മുൻപ് മതിയായ തെളിവുകൾ കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. തെളിവുകൾ ലഭ്യമായാൽ രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യാനാവും ക്രൈം ബ്രാഞ്ച് നീക്കം.

ആദ്യം മുതൽ തന്നെ കേസിൽ ഒളിച്ചു കളിക്കുകയായിരുന്നു കെ സുരേന്ദ്രൻ. സുന്ദരയുടെ ശക്തമായ മൊഴിയും തെളിവുകളും ബി ജെ പി അധ്യക്ഷന്റെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു. ഇതോടെ സംശയം ശക്തമായ അന്വേഷണ സംഘം സുരേന്ദ്രനെ ചോദ്യം ചെയ്യുകയായിരുന്നു. നേതാവ് വസ്തുതാവിരുദ്ധമായി മറുപടികൾ നൽകിയതോടെ ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. സൈബർ സെല്ലിന്റെ ഉൾപ്പടെ സഹായം തേടി ഫോൺ കണ്ടെത്തുകയായിരുന്നു ആദായ കടമ്പ. അന്വേഷണത്തിൽ ഫോൺ കെ സുരേന്ദ്രൻ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയ ക്രൈം ബ്രാഞ്ച്, തെരഞ്ഞെടുപ്പ് സമയത്ത് കെ സുരേന്ദ്രൻ കാസർഗോഡ് ചിലവഴിച്ചതിന്റെ വിശദമായ അന്വേഷണം നടത്തിയിരുന്നു ഈ അന്വേഷണത്തിലാണ് സുന്ദര പത്രിക പിൻവലിക്കാൻ അപേക്ഷ തയ്യാറാക്കിയ ഹോട്ടലിൽ സുരേന്ദ്രനും ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘത്തിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പ് കോഴ മാത്രമല്ല, അന്വേഷണ സംഘത്തിന് വ്യാജ മൊഴി നൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു എന്ന ഗുരുതരമായ കേസ് കൂടി ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ പേരിൽ ലഭിക്കാനാണന് സാധ്യത. ഇതോടെ കെ സുരേന്ദ്രന് ജയിലിലേക്കുള്ള വഴി തുറക്കുമെന്നതിന് യാതൊരു സംശയവുമില്ല. രണ്ടാം ഘട്ട ചോദ്യം ചെയ്യൽ കെ സുരേന്ദ്രന് നിർണായകമാകും.