മാതൃഭൂമി ചാനലിൽനിന്ന് പുറത്താക്കിയ ഡെപ്യൂട്ടി എഡിറ്റർ വേണു ബാലകൃഷ്‌ണനെതിരെ ലൈവ് ചർച്ചക്കിടെ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ ഓർഡിനേറ്റിങ് എഡിറ്റർ വിനു വി ജോൺ. താനാർക്കും അശ്ലീല സന്ദേശം അയച്ചിട്ടില്ലെന്നും ഒരു സ്‌ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് വേണുവിന്റെ പേരെടുത്ത് പറഞ്ഞ് വിനു ചർച്ചക്കിടെ പരസ്യമായി പ്രതികരിച്ചത്. സഹപ്രവർത്തകയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിൽ വേണുവിനെ കഴിഞ്ഞദിവസം മാതൃഭൂമി ചാനലിൽനിന്ന് പുറത്താക്കിയിരുന്നു. ഏതാനും ഓൺലൈൻ മാധ്യമങ്ങൾ മാത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. നിയമസഭ സമരവുമായി ബന്ധപ്പെട്ട കേസിനെ സംബന്ധിച്ചായിരുന്നു ഇന്നലെ ന്യൂസ് അവർ ചർച്ച. ഇതിനിടയിലാണ് വിനു വേണുവിന്റെ പേരെടുത്ത് പരാമർശിച്ചത്.
എട്ട് മണിക്കുള്ള ന്യൂസ് അവർ ചർച്ചക്കിടെ ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ അയച്ച സന്ദേശത്തെ ചാരിയായിരുന്നു വിനുവിന്റെ പ്രതികരണം. ആദ്യമായാണ് വേണു ബാലകൃഷ്‌ണനെ പുറത്താക്കിയ നടപടിയും കാരണങ്ങളും ഒരു ചാനലിൽ വിശദീകരിക്കുന്നത്. ദേശാഭിമാനി മാധ്യമപ്രവർത്തകൻ ഭീഷണിസന്ദേശം അയച്ചുവെന്നാണ് വിനു ആരോപിക്കുന്നത്, എന്നാൽ വായിച്ച സന്ദേശത്തിൽ ഭീഷണിപ്പെടുത്തുന്ന ഒരു വരിപോലും ഉണ്ടായിരുന്നില്ല. ഇക്കാര്യം ഏഷ്യാനെറ്റ് പോലും വാർത്തയാക്കിയിട്ടില്ല.
“വേണു ബാലകൃഷ്‌ണന്റെ കാര്യമായിരിക്കും പറയുന്നത്. ഞാൻ ഒരാൾക്ക് പോലും അശ്ലീല മെസേജ് അയച്ചിട്ടില്ല. ഒരു സ്ത്രീകളോട് പോലും മോശമായി പെരുമാറിയിട്ടില്ല. നാളെ ഇത്തരം കേസുകളിൽ തന്നെയും കുടുക്കുമെന്നാണ് ദേശാഭിമാനിയിലെ മാധ്യമ പ്രവർത്തകന്റെ ഭീഷണി’ – എന്നാണ് വിനു ലൈവായി വിളിച്ചുപറഞ്ഞത്. ചർച്ചക്കിടെ മന്ത്രി വി ശിവൻകുട്ടിയെ അധിക്ഷേപിച്ചത് ശരിയായില്ല എന്ന് ചൂണ്ടിക്കാണിച്ചയച്ച സന്ദേശമെടുത്താണ് ഭീഷണി എന്നപേരിൽ വിനു അവതരിപ്പിച്ചത്. മന്ത്രിയോട് “ഇയാൾക്ക് ലജ്ജയില്ലേ’ എന്നൊക്കെ ചോദിക്കുന്നത് മാന്യമായ രീതിയല്ലെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.