Sunday
11 January 2026
24.8 C
Kerala
HomeKeralaസ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗരേഖ തയ്യാറാക്കി

സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗരേഖ തയ്യാറാക്കി

കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസ് നടത്തും കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും ഗതാഗത വകുപ്പ് വിശദമായ മാർഗരേഖ തയ്യാറാക്കിയതായും ഒക്‌ടോബർ 20നകം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ നേരിട്ടെത്തി വാഹനങ്ങളുടെ ക്ഷമതാ പരിശോധന പൂർത്തിയാക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫിറ്റ്‌നസ് പരിശോധന പൂർത്തിയാക്കി ട്രയൽ റണ്ണിനു ശേഷം മാത്രമേ വിദ്യാർത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ.

പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് സ്റ്റുഡന്റ്‌സ് ട്രാൻസ്‌പോർട്ടേഷൻ പ്രോട്ടോകോൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് നൽകും. സർട്ടിഫിക്കറ്റ് വാഹനത്തിൽ സൂക്ഷിക്കണം. സർക്കാർ നിശ്ചയിച്ചിട്ടുള്ള കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ അനുസരിച്ച് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ ‘സ്റ്റുഡന്റ്‌സ് ട്രാൻസ്‌പോർട്ടേഷൻ പ്രോട്ടോക്കോൾ’ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ എം.ലീനയ്ക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു.

എല്ലാ സ്‌കൂൾ അധികൃതരും ഇതിലെ നിർദേശങ്ങൾ അച്ചടിച്ച് രക്ഷകർത്താക്കൾക്കും ബന്ധപ്പെട്ട എല്ലാവർക്കും വിതരണം ചെയ്യണം. ഡ്രൈവർമാരും ബസ് അറ്റൻഡർമാരും രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കണം. അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം. ആവശ്യമെങ്കിൽ വിദ്യാർത്ഥികൾക്കായി കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

പനിയോ ചുമയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉള്ള വിദ്യാർത്ഥികൾക്ക് യാത്ര അനുവദിക്കരുതെന്നും സ്‌കൂൾ വാഹനങ്ങളിൽ തെർമൽ സ്‌കാനറും സാനിറ്റൈസറും കരുതണമെന്നും നിർദേശിച്ചിട്ടുണ്ട്. ഹാൻഡ് സാനിറ്റൈസർ എല്ലാ വിദ്യാർത്ഥികളും കരുതണം. ഒരു സീറ്റിൽ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയിൽ ക്രമീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കില്ല. എല്ലാ കുട്ടികളും മാസ്‌ക് ധരിക്കണം. വാഹനത്തിൽ എ.സിയും തുണി കൊണ്ടുള്ള സീറ്റ് കവറും കർട്ടനും പാടില്ല. ഓരോ ദിവസവും വാഹനം യാത്ര അവസാനിക്കുമ്പോൾ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങൾ കഴുകണം.

സ്‌കൂൾ ട്രിപ്പിനായി മറ്റ് കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവയ്ക്കും മോട്ടോർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ ബാധകമാണ്. ബന്ധപ്പെട്ട സ്‌കൂൾ അധികൃതരും വാഹന ഉടമകളും ഇത് ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments