ജാര്‍ഖണ്ഡ് ധന്‍ബാദ് ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ജൂലൈയില്‍ ഓട്ടോറിക്ഷ ഇടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് സിബിഐ. ജാര്‍ഖണ്ഡ് ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. പ്രഭാതസവാരിക്കിടെ ജഡ്ജിയെ മനഃപൂർവം വാഹനം ഇടിപ്പിക്കുകയായിരുന്നുവെന്ന് സിബിഐ കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.
കുറ്റകൃത്യത്തിന്റെ വിശകലനവും പുനര്‍നിര്‍മ്മാണവും സിസിടിവി ഫൂട്ടേജുകളും ലഭ്യമായ ഫോറന്‍സിക് തെളിവുകളും പരിശോധിച്ചതില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായതെന്നും സിബിഐ അറിയിച്ചു. മോഷ്ടിച്ച ഓട്ടോറിക്ഷ ഓടിച്ച രണ്ടുപേരുടെ നേതൃത്വത്തില്‍ ബോധപൂര്‍വ്വം ലക്ഷ്യമിട്ട് നടപ്പാക്കിയ കൊലപാതകമാണ് ഇത്.
കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് ഏജന്‍സി പറഞ്ഞു. തെളിവുകള്‍ പഠിക്കാന്‍ സിബിഐ രാജ്യത്തുടനീളമുള്ള നാല് വ്യത്യസ്ത ഫോറന്‍സിക് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്- സിബിഐ അറിയിച്ചു.