സഞ്ജയും ഷണ്‍മുഖനും തങ്ങള്‍ രക്ഷിച്ച അജിത്തിനെ പടിയത്തെ കിണറ്റിന്‍കരയില്‍വെച്ച് വീണ്ടും കണ്ടുമുട്ടിയപ്പോള്‍
അന്തിക്കാട്(തൃശ്ശൂര്‍): ‘ഒരു നിലവിളിശബ്ദം കേട്ടാണ് ഞങ്ങള്‍ വണ്ടി നിര്‍ത്തിയത്. ഒന്നുകൂടി ശ്രദ്ധിച്ചപ്പോള്‍ അത് റോഡരികിലെ കിണറ്റില്‍ നിന്നാണെന്ന് മനസ്സിലായി. നോക്കിയപ്പോള്‍ ആഴമുള്ള കിണറിന്റെ കല്‍ഭിത്തിയില്‍ പിടിച്ച് അവശനായി നില്‍ക്കുകയാണൊരാള്‍.
ഞാനും അച്ഛാച്ഛനും ആദ്യമൊന്ന് പകച്ചു. പിന്നെ രക്ഷിക്കാനുള്ള ഓട്ടമായിരുന്നു’- ഒരു ജീവന്‍ രക്ഷിച്ചതിന്റെ ആശ്വാസവും സന്തോഷവും ഇരുപതുകാരനായ സഞ്ജയിന്റെ വാക്കുകളില്‍. തൃപ്രയാര്‍ ശ്രീരാമ പോളിടെക്നിക്കിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയായ സഞ്ജയ് ഓട്ടോ ഡ്രൈവറായ തളിക്കുളം ഇടശ്ശേരി തൈവളപ്പില്‍ ഉല്ലാസിന്റെ മകനാണ്.
പടിയത്തെ അമ്മവീട്ടില്‍ നിന്ന് അച്ഛാച്ഛന്‍ കോഴിപ്പറമ്പില്‍ ഷണ്‍മുഖനോടൊപ്പം സ്‌കൂട്ടറില്‍ കടയിലേക്ക് പോകുമ്പോള്‍ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
പടിയം ആല ജങ്ഷനിലുള്ള കോഴിക്കടയിലെ ജീവനക്കാരനായ മാമ്പുള്ളി അജിത്ത് (22) കടയിലേക്കാവശ്യമായ വെള്ളമെടുക്കാനാണ് കിണറ്റിന്‍കരയിലെത്തിയത്. ‘ബക്കറ്റുപയോഗിച്ച് വെള്ളമെടുക്കുന്നതിനിടെ കിണറ്റിലേക്ക് വീണു. വീണ ഉടനെ ആഴത്തിലേക്ക് പോയി. മുങ്ങി നിവര്‍ന്നപ്പോഴേക്കും ആകെ തളര്‍ന്നു.
ഒരുവിധത്തില്‍ കിണറിന്റെ കല്‍ഭിത്തിയില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. കല്‍ഭിത്തികള്‍ അടര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ പരിഭ്രമമായി. കമ്പിയില്‍ കുടുങ്ങിയതിനാല്‍ ഒരു കൈയില്‍ അനക്കാന്‍ പറ്റാത്തത്ര വേദനയായിരുന്നു. എത്രനേരം അങ്ങനെ നിന്നുവെന്നറിയില്ല. കുറേ നേരം നിലവിളിച്ചു. അപ്പോഴാണ് ഇവരെത്തിയത്.’- ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിനിടയിലും സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് അജിത്ത് മുക്തനായിട്ടില്ല.
ഉച്ചയ്ക്കുശേഷമുള്ള സമയമായതുകൊണ്ട് റോഡില്‍ ആളില്ലായിരുന്നു. തൊട്ടടുത്തുള്ള പള്ളിയില്‍ ഷൈജുവിന്റെ വര്‍ക്ക്ഷോപ്പിലേക്ക് ഓടി. അവിടെ നിന്ന് ഗാര്‍ഡന്‍ പൈപ്പാണ് കൈയില്‍ കിട്ടിയത്. അതു കൊണ്ടുവന്ന് കിണറ്റിലേക്കിട്ടുകൊടുത്തു. അജിത്ത് അതില്‍ പിടിച്ചുനിന്നു. പക്ഷേ ആളെ കയറ്റാന്‍ അതു പോരല്ലോ. സമീപത്തെ പള്ളിയില്‍ ബാബുവിനെ വിളിച്ചുവരുത്തി കയര്‍ സംഘടിപ്പിച്ചു. എല്ലാവരും കൂടി ആ കയറില്‍ ബന്ധിച്ച് അജിത്തിനെ കരകയറ്റി -സഞ്ജയിന്റെ അച്ഛാച്ഛന്‍ കോഴിപ്പറമ്പില്‍ ഷണ്‍മുഖന്‍ (73) സംഭവം വിവരിച്ചു.