ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം ഇനി കര്‍ശന നടപടി വേണം ; ഡി.ജി.പി

0
70

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം തടയാന്‍ പോലീസ് മേധാവിയുടെ നിര്‍ദേശം. ആശുപത്രികളിലെ പോലീസ് എയ്ഡ് പോസ്റ്റുകള്‍ കാര്യക്ഷമമാക്കണമെന്നും  ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.

സമീപകാലത്ത് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേ അതിക്രമങ്ങള്‍ വര്‍ധിച്ച സാചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ആശുപത്രികളിലെ കാഷ്വാലിറ്റികളിലും ഒ.പികളിലും പോലീസ് കൃത്യമായ ഇടവേളകളില്‍ നിരീക്ഷണം നടത്തണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേ കൈയേറ്റ ശ്രമങ്ങളില്ലെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

അതിക്രമങ്ങള്‍ സംബന്ധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ പരാതി ലഭിച്ചാല്‍ ഉടനടി നടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങളില്‍ നിലവില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എത്രയും വേഗം കോടതികളിലെത്തിക്കാനും ഡിജിപി നിര്‍ദേശം നല്‍കി.
അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ പ്രവര്‍ത്തനം ജില്ലാ പോലീസ് മേധാവിമാര്‍ നിരീക്ഷിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനും ജില്ലാ പോലീസ് മേധാവിമാരെ നിരീക്ഷിക്കാനും അതാത് റേഞ്ച് ഐജിമാര്‍ക്കും ഡിഐജിമാര്‍ക്കും നിര്‍ദേശം നല്‍കി. ഓരോ മാസവും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് റേഞ്ച് ഐജിമാരും ഡിഐജിമാരും എഡിജിപിക്ക് നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേയുള്ള അതിക്രമങ്ങളില്‍ ഡിജിപി നേരിട്ട് ഇടപെടണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഡിജിപിയുടെ സര്‍ക്കുലര്‍.