വിവാദങ്ങള്‍ക്ക് തീ കൊടുത്ത് നേട്ടം കൊയ്യാനുള്ള നീക്കം വ്യാമോഹം മാത്രം: മുഖ്യമന്ത്രി

0
62

നിര്‍ഭാഗ്യകരമായ ഒരു പരാമര്‍ശവും അതേത്തുടര്‍ന്ന് നിര്‍ഭാഗ്യകരമായ വിവാദവും വളർത്തിയെടുത്ത് നേട്ടം കൊയ്യാനുള്ള നീക്കം കേരളത്തിൽ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി. വിവാദം സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ വലിയ തോതില്‍ ശ്രമിച്ചിട്ടുണ്ട്. പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്‍റെ പേരില്‍ തള്ളേണ്ടതല്ല.

അതിന്‍റെ പേരില്‍ വിവാദങ്ങള്‍ക്ക് തീ കൊടുത്ത് നാടിന്‍റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തല്‍പരകക്ഷികളുടെ വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചിലര്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു. കുളം കലക്കി മീന്‍ പിടിക്കുന്നവരേ ഒറ്റപ്പെടുത്തുകതന്നെ വേണം. അനാവശ്യ പരാമര്‍ശം നടത്തിയവര്‍ തെറ്റ് തിരുത്തുകയാണ് വേണ്ടത്.

വിഭാഗീയതക്കിടയാക്കുന്ന പ്രവണത പാടില്ല. സര്‍വകക്ഷിയോഗം വിളിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും ഓരോരുത്തരും അവരുടെ നിലപാടുകള്‍ സ്വീകരിച്ച്‌ സംയമനം പാലിക്കുകയാണ് ഇപ്പോൾ വേണ്ടത്.

സാമുദായിക സ്പർധയ്ക്കു കാരണമാകും വിധം വിദ്വേഷ പ്രചാരണം നടത്തുന്നവരെയും അതിന് സൗകര്യവും പിന്തുണയും നൽകുന്നവരെയും
തുറന്നുകാട്ടാൻ സമൂഹം ഒന്നാകെ തയാറാകണം എന്നഭ്യർത്ഥിക്കുന്നു.
പ്രതിപക്ഷ നേതാവ് പറഞ്ഞത് പോലെ സർക്കാർ നിർദാക്ഷിണ്യം നടപടി സ്വീകരിക്കും. ഇത്തരം കാര്യങ്ങൾ നോക്കി നിൽക്കുന്ന സമീപനം ഉണ്ടാവില്ല- മുഖ്യമന്ത്രി പറഞ്ഞു.