Monday
12 January 2026
20.8 C
Kerala
HomeKeralaകോന്നിയില്‍ അത്യാധുനിക ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി

കോന്നിയില്‍ അത്യാധുനിക ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന ക്ഷമമാക്കുന്നതോടെ പ്രതിവര്‍ഷം ഏകദേശം 4500 മരുന്നുകള്‍ പരിശോധിക്കുവാന്‍ സാധിക്കുന്നതാണ്.

ഇതോടെ സംസ്ഥാനത്ത് മൊത്തം പ്രതിവര്‍ഷം പരിശോധിക്കുന്ന മരുന്നുകളുടെ എണ്ണം 15,000 ആയി വര്‍ദ്ധിക്കുന്നതാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വിതരണം നടത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്തുവാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ഗുണനിലവാരമുള്ള മരുന്നുകള്‍ മിതമായ വിലക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഏകദേശം 20,000 കോടിയോളം രൂപയുടെ വിറ്റുവരവുള്ള സംസ്ഥാന ഔഷധവിപണയില്‍, മരുന്നുകളെല്ലാം തന്നെ അന്യസംസ്ഥാനത്ത് നിന്നാണ് ലഭ്യമായി കൊണ്ടിരിക്കുന്നത്. അതിനാല്‍ വിപണിയില്‍ എത്തുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുകയെന്നത് സര്‍ക്കാരിന്റെയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെയും ഭാരിച്ച ചുമതലയാണ്.

സംസ്ഥാനത്ത് മൂന്ന് മരുന്ന് പരിശോധന ലബോറട്ടറികളാണ് നിലവിലുള്ളത്. ഗുണനിലവാരമുള്ള മരുന്നുകള്‍ തുടര്‍ന്നും ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ കോന്നി ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. നിര്‍മാണം ആരംഭിച്ച് ഒന്നര വര്‍ഷം കൊണ്ട് 15,000 ചതുരശ്ര അടിയില്‍ മൂന്നു നിലയിലായാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലാബ് സജ്ജമാക്കിയിരിക്കുന്നത്.

ലാബിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 23-ാം തീയതി വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

RELATED ARTICLES

Most Popular

Recent Comments