തിരുവനന്തപുരം മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിന് മുൻപിൽ നഗ്നതാ പ്രദർശനം ; നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പി.ജി ഡോക്ടർമാരുടെ പന്തം കൊളുത്തി പ്രകടനം

0
80

തിരുവനന്തപുരം മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നിലെ നഗ്നതാ പ്രദർശനത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടർമാരുടെ പന്തം കൊളുത്തി പ്രതിഷേധം.ഹോസ്റ്റലിന് മുന്നിൽ സാമൂഹിക വിരുദ്ധർ നഗ്‌നതാ പ്രദർശനം നടത്തുന്നുവെന്ന് കാണിച്ച് പ്രിൻസിപാളിന് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിരെയാണ് ഡോക്ടർമാർ പന്തം കൊളുത്തി പ്രതിഷേധിച്ചത്.

പരാതി നൽകിയപ്പോൾ നഗ്‌നതാ പ്രദർശനം ലൈംഗിക അധിക്ഷേപമല്ലെന്നായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി. വനിതാ ഹോസ്റ്റൽ പരിസരത്ത് നഗ്നതാ പ്രദർശനം പതിവാണെന്ന് ഡോക്ടർമാർ ആരോപിച്ചു.ഹോസ്റ്റലിന് ചുറ്റുമതിലും നിരീക്ഷണക്യാമറകളും വേണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നുമില്ലെന്നും രാത്രിയായാൽ സുരക്ഷ ജീവനക്കാരുടെ സഹായം ലഭിക്കാറില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ വിദ്യാർത്ഥികൾ ചേർന്ന് പിടികൂടി പൊലീസിൽ എൽപ്പിച്ചിരുന്നു. യുവാവിന്റെ ദൃശ്യം മൊബൈലിൽ പകർത്തിയ പെൺകുട്ടികൾ മെൻസ് ഹോസ്റ്റലിലുള്ള സഹപാഠികളെ അറിയിക്കുകയായിരുന്നു.