ധീരപോരാളികളുടെ സമര-ജീവിത ചരിത്രം പുസ്തകമായി പ്രസിദ്ധപ്പെടുത്തും: മന്ത്രി അഹമ്മദ് ദേവർകോവിൽ

0
77

തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ മഹത്തായ സ്ഥാനമാണ് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയ്ക്കുള്ളതെന്നും തൂലിക പടവാളാക്കിയ സ്വദേശാഭിമാനിയെപ്പോലുള്ള ധീര പോരാളികളുടെ സമര ചരിത്രവും ജീവിത ചരിത്രവും ഗവേഷകർക്കും ചരിത്രാന്വേഷകർക്കും പൊതുജനങ്ങൾക്കുമായി പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തുമെന്നും പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് പുരാവസ്തു വകുപ്പ് നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം 75-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം എന്ന പേരിൽ സംസ്ഥാനത്തുടനീളം 75 കേന്ദ്രങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് പുരാരേഖാ വകുപ്പ് ചരിത്ര രേഖാ പ്രദർശനവും സെമിനാറുകളും സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

രാജ്യം ഇന്ന് അനുഭവിക്കുന്ന നേട്ടങ്ങൾക്കും പുരോഗതിക്കും പിന്നിൽ ജീവത്യാഗത്തിന്റെ വലിയ സംഭാവനകളുണ്ടെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ചരിത്ര പുരുഷന്മാരെ ഓർക്കുകയും ആദരിക്കുകയും അവരുടെ ജീവചരിത്രം വരുംതലമുറയ്ക്ക് കാട്ടിക്കൊടുക്കേണ്ടതും ഉത്തരവാദിത്തബോധമുള്ള സർക്കാരിന്റെ കടമയാണ്.

അതിന്റെ ഭാഗമായി 75 വർഷം പിന്നിടുന്ന സ്വാതന്ത്ര്യത്തിന്റെ ഓർമ്മകൾ പുതിയ തലമുറയ്ക്ക് പകർന്നു നൽകാനും സ്വാതന്ത്ര്യത്തിന്റെ ചരിത്രം ജനങ്ങളിലേക്കെത്തിക്കാനും സ്വാതന്ത്ര്യത്തിന്റെ മുന്നണിപ്പോരാളികളുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനവും അവരുടെ ജീവചരിത്രവും സമൂഹത്തിനു മുന്നിൽ എത്തിക്കാനുമുള്ള പരിപാടിക്കാണ് പുരാവസ്തു വകുപ്പ് രൂപം കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.