കോവിഡ് നിയന്ത്രണ വിധേയമാകുന്നു; ജാഗ്രത തുടരണം: മുഖ്യമന്ത്രി

0
58

സംസ്ഥാനത്ത്‌ കോവിഡ് കൂടുതൽ നിയന്ത്രണ വിധേയമാവുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്‌തംബർ 21 വരെയുള്ള കാലയളവിൽ, ശരാശരി ദൈനംദിന ആക്‌ടീവ് കേസുകൾ 1,78,363 ആണ്. അവയിൽ 2 ശതമാനം മാത്രമേ ഓക്‌സിജൻ കിടക്കകളിലുള്ളൂ. ഒരു ശതമാനം മാത്രമാണ് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത്. പുതുതായുള്ള കേസുകളിലെ വളർച്ചാ നിരക്ക് കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച് ഈ ആഴ്‌ചയിൽ 13 ശതമാനം കുറഞ്ഞു.

ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം, ഐസിയു, വെന്റിലേറ്റർ, ഓക്‌സിജൻ സപ്പോർട്ട് എന്നിവ കഴിഞ്ഞ ആഴ്‌ച‌യെ അപേക്ഷിച്ച് യഥാക്രമം 10, 6, 7, 10 ശതമാനമായി കുറഞ്ഞു. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്‌.

നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം. കോവിഡ് വാക്‌സിൻ എടുത്തവരും ജാഗ്രത പാലിക്കണം. വാക്‌സിനേഷൻ എടുത്ത ആളുകൾക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം. പ്രത്യേകിച്ചും അനുബന്ധ രോഗങ്ങൾ ഉള്ളവർ രോഗം വരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.

മാസ്‌ക്‌ ധരിക്കുന്നതിൽ ഒരിളവും ഇപ്പോൾ വരുത്തിയിട്ടില്ല. വ്യാപാരസ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും മാസ്‌കില്ലാതെ പലരും ഇടപഴകുന്നത് ശ്രദ്ധയിലുണ്ട്. അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കും. റസ്‌റ്റോറന്റിൽ മാസ്‌കില്ലാതെ സപ്ലൈ ചെയ്യാനും പാകംചെയ്യാനും നിന്നാൽ ഒറ്റയടിക്ക് അനേകം പേർക്ക് രോഗം പകരുന്നതിലേക്കാണ് നയിക്കുക. അത്തരം അപകട അാധ്യത ഒഴിവാക്കിയേ തീരൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.