ഈ വർഷം നടക്കുന്ന നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) പ്രവേശന പരീക്ഷയിൽ വനിതകളെ പങ്കെടുപ്പിക്കണമെന്ന് കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദ്ദേശം. നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ വനിതകളെ പ്രവേശിപ്പിക്കുന്നത് ഒരു വര്‍ഷം നീട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സ്ത്രീകള്‍ക്ക് അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷ എഴുതാന്‍ സ്ത്രീകള്‍ക്കും അനുമതി നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം അടുത്ത വര്‍ഷം മെയില്‍ പുറത്തിറക്കുമെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് എസ് കെ കൗൾ, ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ‘ഞങ്ങൾ പെൺകുട്ടികൾക്ക് പ്രതീക്ഷ നൽകി. ആ പ്രതീക്ഷ ഇല്ലാതാക്കാൻ ഞങ്ങൾക്കാകില്ല’ എന്നും കോടതി വ്യക്തമാക്കി.
ഇന്നു പരീക്ഷയില്ല, നാളെയാകാം’ എന്ന സമീപനം യുവതികളുടെ ആഗ്രഹത്തിന് എതിരുനിൽക്കുന്നതാണ്. ഇനിയും ഒരു വർഷം കൂടി നീട്ടിക്കൊണ്ടുപോകാനാകില്ല. നവംബർ 14ന് നടക്കുന്ന പരീക്ഷക്ക് മുമ്പായി യുപിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കോടതി നിർദേശിച്ചു.
അക്കാദമിയില്‍ വനിതകളെ പ്രവേശിപ്പിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ക്കായി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. അടുത്ത വര്‍ഷം മെയോടെ എല്ലാ സംവിധാനം ഒരുക്കുംവിധമാണ് കാര്യങ്ങള്‍ നടപ്പാക്കുന്നത്. സ്‌ത്രീകള്‍ക്കായി പാഠ്യപദ്ധതിയും പരിശീലനപദ്ധതിയും തയ്യാറാക്കാന്‍ വിദഗ്‌ധസമിതി രൂപീകരിച്ചു. വിദഗ്‌ധ പരിശീലനത്തിൽ വീഴ്‌ച ഉണ്ടായാല്‍ ഭാവിയിൽ സൈന്യത്തിന്റെ പോരാട്ടവീര്യത്തെ പ്രതികൂലമായി ബാധിക്കും.
ഇത് കണക്കിലെടുത്ത് സ്‌ത്രീകൾക്കായി കുതിര സവാരി, നീന്തൽ, കായികവിനോദങ്ങൾ തുടങ്ങിയ സജ്ജീകരണം ഒരുക്കണം. പ്രത്യേക താമസസൗകര്യം , പാഠ്യപദ്ധതി, പരിശീലന പദ്ധതി തുടങ്ങിയവ ഏർപ്പാടാക്കാൻ സമയം വേണം. അതിനാല്‍, സ്‌ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ മേയ് വരെ സാവകാശം വേണമെന്നും പ്രതിരോധമന്ത്രാലയം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള വിഭാഗമാണ് സൈന്യം. ഇപ്പോഴത്തെ സാഹചര്യത്തെ നേരിടുന്നതിന് പ്രതിരോധ വകുപ്പ് യുപിഎസിയുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കഴിഞ്ഞതവണ കേസ് പരിഗണിക്കവെ ഡിഫൻസ് അക്കാദമിവഴി വനിതകളെ സൈന്യത്തില്‍ പ്രവേശിപ്പിക്കാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.