Monday
12 January 2026
31.8 C
Kerala
HomeKeralaപൊന്മുടിയിൽ വൻ തിരക്ക്; ആനപ്പാറയിൽ മിനി ടിക്കറ്റ് കൗണ്ടർ, അപകടം ഒഴിവാക്കാൻ കർശന പരിശോധന

പൊന്മുടിയിൽ വൻ തിരക്ക്; ആനപ്പാറയിൽ മിനി ടിക്കറ്റ് കൗണ്ടർ, അപകടം ഒഴിവാക്കാൻ കർശന പരിശോധന

വാഹനാപകടങ്ങൾ വർധിച്ചതോടെ വിതുര-പൊന്മുടിറോഡിൽ പോലീസും വനംവകുപ്പും കർശന സുരക്ഷയൊരുക്കി. വാഹനങ്ങൾ പരിശോധിച്ച് മതിയായ രേഖകളില്ലെങ്കിൽ ‌പിഴ ചുമത്തും. അമിതവേഗം ഉൾപ്പടെയുള്ള നിയമലംഘനങ്ങൾക്കും ശിക്ഷയുണ്ടാകും.

വിതുര പൊന്മുടിറോഡിൽ അഞ്ചിടങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടന്നത്. സുരക്ഷാനിർദേശങ്ങൾ നൽകുകയാണ് ആദ്യഘട്ടം. കല്ലാറിലെ മുങ്ങിമരണങ്ങൾ തടയാനുള്ള സുരക്ഷാസംവിധാനങ്ങൾ നടപ്പിലാക്കുമെന്നും പോലീസ് പറഞ്ഞു.

എ.എസ്.പി. രാജ് പ്രസാദ്, വിതുര സി.ഐ. എസ്.ശ്രീജിത്ത്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. പൊന്മുടിറോഡിലെ അപകടങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് മാതൃഭൂമി കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

നാലുദിവസങ്ങൾക്കിടെ ഒമ്പത് വാഹനാപകടങ്ങളാണുണ്ടായത്. തിരക്കേറിയതും അസൗകര്യം നിറഞ്ഞതുമായ തൊളിക്കോട്, മൂന്നു റോഡുകൾ ചേരുന്ന വിതുര കലുങ്ക്, വീതിയില്ലാത്ത ചന്തമുക്ക് തുടങ്ങിയ ജങ്ഷനുകളിലൂടെ പോകുന്ന വാഹനങ്ങൾക്കു പലപ്പോഴും അമിതവേഗമാണെന്ന് വ്യാപാരികൾ ഉൾപ്പെടെ പറയുന്നു.

ഓൺലൈൻ രജിസ്‌ട്രേഷനും ഏർപ്പെടുത്തും

പൊന്മുടിയിൽ നിലവിലുള്ള തിരക്കു കുറയ്ക്കാനായി കൂടുതൽ സ്ഥലങ്ങളിൽ വനംവകുപ്പ് ടിക്കറ്റ് കൗണ്ടറുകൾ ആരംഭിക്കുന്നു. നിലവിൽ കല്ലാർ ഗോൾഡൻവാലിയിൽ മാത്രമാണ് കൗണ്ടറുള്ളത്. ഇതു കൂടാതെ ആനപ്പാറ, വിതുര തുടങ്ങിയ സ്ഥലങ്ങളിലും കൗണ്ടറുകൾ ആരംഭിക്കും. കൗണ്ടറുകളിൽ നേരത്തേയെത്തി ടിക്കറ്റെടുക്കുന്നവർക്ക് അപ്പർ സാനിട്ടോറിയത്തിലെത്താം. വാഹനങ്ങളുടെ എണ്ണം നിയന്ത്രിച്ച്‌ അവധിദിവസങ്ങളിൽ തിരക്കു കുറയ്ക്കാൻ ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തും.

പൊന്മുടിയിൽ പാർക്കിങ് നിയന്ത്രണം

അവധി ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ മാർഗനിർദേശങ്ങളുമായി ഇക്കോ ടൂറിസം. ഇതനുസരിച്ച് പൊന്മുടിയിൽ ഒരേസമയം 200 വലിയ വാഹനങ്ങളും 250 ഇരുചക്രവാഹനങ്ങളും മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഗതാഗതക്കുരുക്കാണ് ഈ തീരുമാനത്തിനു പിന്നിൽ.

സന്ദർശകർക്ക് മൂന്നുമണിക്കൂർ പൊന്മുടിയിൽ ചെലവഴിക്കാം. നേരത്തെയിത് രണ്ടുമണിക്കൂറായിരുന്നു. അവധിദിനങ്ങളിലാണ് ഈ നിയന്ത്രണങ്ങൾ. ഓൺലൈൻ ബുക്കിങ്ങിനുള്ള സൗകര്യം രണ്ടാഴ്ചയ്‌ക്കുള്ളിൽ തയ്യാറാകുമെന്നും അധികൃതർ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments