അഖാഡെ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്രഗിരി മഹാരാജിന്റെ ആത്മഹത്യ: പ്രധാന ശിഷ്യന്‍ അറസ്റ്റില്‍

0
51

സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡെ പരിഷത്ത് അധ്യക്ഷന്‍ സന്യാസി മഹന്ത് നരേന്ദ്രഗിരി മഹാരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. നരേന്ദ്രഗിരിയുടെ അടുത്ത ശിഷ്യനും അനുയായിയുമായ ആനന്ദ് ഗിരിയെയാണ് അറസ്റ്റിലായതെന്ന് പ്രയാഗരാജ് എഡിജിപി അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചതായും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സന്ദീപ് തിവാരിയെയും മകന്‍ ആദ്യതിവാരിയെയുമാണ് ചോദ്യം ചെയ്യുന്നത്.

ഇന്നലെ രാത്രിയോടെയാണ് പൊലീസ് ആനന്ദ് ഗിരിയെ പിടികൂടിയത്. ഇയാള്‍ സ്വാമി മഹന്ത് നരേന്ദ്രഗിരിയെ ഉപദ്രവിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. വഞ്ചനയും സാമ്പത്തിക കെടുകാര്യസ്ഥതയും ആരോപിച്ച് ആനന്ദ് ഗിരിയെ മഹന്ത് നരേന്ദ്രഗിരി ആശ്രമത്തില്‍ നിന്നും പുറത്താക്കിയിരുന്നു.

പ്രയാഗരാജിലെ മഠത്തിലാണ് മഹാരാജിനെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 78 വയസ്സായിരുന്നു. 78 പേജുള്ള ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരടക്കമുള്ളവരുടെ പേരുകള്‍ ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് പൊലിസ് പറയുന്നു. താന്‍ അഭിമാനത്തോടെയാണ് ഇതുവരെ ജീവിച്ചതെന്നും ഇനിയങ്ങോട്ട് ആത്മാഭിമാനം നഷ്ടപ്പെടുത്തി ജീവിക്കാന്‍ സാധിക്കില്ലെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.