പ്ലസ് വൺ പരീക്ഷ: വിദ്യാർഥികൾക്ക് പ്രവേശനം ഒരു കവാടത്തിലൂടെ മാത്രം; എ.സി. മുറിയിൽ പരീക്ഷ പാടില്ല

0
82

ഈ മാസം 24-ന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷയിൽ വിദ്യാർഥികൾക്ക് സ്കൂളിൽ പ്രവേശനം ഒരു കവാടത്തിലൂടെ മാത്രം. കവാടത്തിൽത്തന്നെ സാനിറ്റൈസർ നൽകും. ശരീരോഷ്മാവ് പരിശോധിക്കും. യൂണിഫോം നിർബന്ധമല്ല. ശീതീകരിച്ച ക്ലാസ്‌മുറികൾ ഉപയോഗിക്കില്ല. അനധ്യാപക ജീവനക്കാർ, പി.ടി.എ. അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തും. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

കുട്ടികൾക്ക് പരസഹായംകൂടാതെ പരീക്ഷാഹാളിൽ എത്തിച്ചേരാനായി പ്രവേശനകവാടത്തിൽത്തന്നെ എക്‌സാം ഹാൾ ലേഔട്ട് പ്രദർശിപ്പിക്കും. കോവിഡ് പോസിറ്റീവ് ആയ വിദ്യാർഥികൾ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കിൽ വിവരം മുൻകൂട്ടി ആരോഗ്യപ്രവർത്തകരെ അറിയിക്കണം. ബന്ധപ്പെട്ടവർക്ക് പി.പി.ഇ. കിറ്റ് ലഭ്യമാക്കാനുള്ള നടപടി ചീഫ് സൂപ്രണ്ടുമാർ സ്വീകരിക്കണം.

ഈ കുട്ടികൾക്ക്‌ പ്രത്യേക ക്ലാസ്‌മുറിയിൽ ആയിരിക്കും പരീക്ഷ. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാർഥികളെയും ക്വാറന്റീനിൽ ഉള്ള വിദ്യാർഥികളെയും പ്രത്യേകം ക്ലാസ്‌മുറികളിൽ പരീക്ഷയെഴുതിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് എല്ലാ വിദ്യാലയങ്ങളിലും മേഖലാ ഉപമേധാവിമാരുടെ നേതൃത്വത്തിൽ മൈക്രോ പ്ലാൻ തയ്യാറാക്കും. പരീക്ഷാ ഹാൾ, ഫർണിച്ചർ, സ്കൂൾപരിസരം തുടങ്ങിയവ 22-ന് മുമ്പ് അണുവിമുക്തമാക്കും.