കണ്ണൂരിൽ മുസ്ലിം ലീഗ് പിളർന്നു, സമാന്തര കമ്മിറ്റി നിലവിൽ വന്നു, ഒന്നുമറിയില്ലെന്ന് എം കെ മുനീർ

0
77

കണ്ണൂർ തളിപ്പറമ്പ് മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പിളർന്നു. കെ മുഹമ്മദ് ബഷീർ ഗണരാൽ സെക്രട്ടറിയും പി എ സിദ്ധിഖ് അധ്യക്ഷനുമായ പുതിയ സമാന്തര കമ്മിറ്റി നിലവിൽ വന്നു. ജില്ലാ നേതൃത്വം നേരത്തെ രൂപീകരിച്ച മുൻസിപ്പൽ കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പുതിയ കമ്മിറ്റി ഉണ്ടാക്കിയത്. ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് പി കുഞ്ഞുമുഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പികെ സുബൈർ എന്നിവർ വർഷങ്ങളായി ലീഗിനെ തകർക്കുകയാണെന്നും അവരുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പുതിയ കമ്മിറ്റി നിലവിൽ വന്നതെന്നും പുതിയ ഭാരവാഹികൾ പറഞ്ഞു.

പുതിയ കമ്മിറ്റി നിലവിൽ വന്നെങ്കിലും മറ്റു രാഷ്ട്രീയ പാർട്ടിയിലേക്ക് പോകില്ലെന്ന് വിമത നേതാക്കൾ വ്യക്തമാക്കുന്നു. ലീഗിൽ തുടരുന്ന ഏകാധിപത്യവും നേതാക്കളുടെ കെട്ടിയിറക്കലും ഉൾപ്പടെയുള്ള വിഷയങ്ങൾ ശുദ്ധീകരിക്കാനാണ് പുതിയ കമ്മിറ്റി നിലവിൽ വന്നതെന്നും നേതാക്കൾ പറയുന്നു. കോൺഗ്രസിന് പിന്നാലെ ലീഗിലും രാജിയും പിളർപ്പും ഉണ്ടായതോടെ യു ഡി എഫ് മുന്നണിക്കുള്ളിലും ഇനി ഏറ്റുമുട്ടലിലേക്ക് പോകുമെന്ന് വ്യക്തമാവുകയാണ്. ഒരു വിഭാഗം നേതാക്കൾ രാജി വെച്ച് പോയത് ലീഗിനും തിരിച്ചടിയാകും, മുൻസിപ്പൽ ഭരണത്തിനുൾപ്പടെ ഇളക്കം തട്ടുമെന്നാണ് വിലയിരുത്തുന്നത്.മുൻസിപ്പൽ കമ്മിറ്റി പരിധിയിലെ ശാഖകളിൽ തങ്ങൾക്കാണ് ഭൂരിപക്ഷം എന്നാണ് പുതിയ കമ്മിറ്റിയുടെ അവകാശ വാദം. ഇതോടൊപ്പം യുവജന വനിതാ ഘടകങ്ങളും നിലവിൽ വന്നിട്ടുണ്ട്. എന്നാൽ പുതിയ കമ്മിറ്റി ഭാരവാഹികൾ തികഞ്ഞ അച്ചടക്ക ലംഘനമാണ് നടത്തിയതെന്നാണ് പി.കുഞ്ഞുമുഹമ്മദിന്റെ വിശദീകരണം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും കുഞ്ഞുമുഹമ്മദ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും, എന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടി പരിശോധിക്കുമെന്നുമാണ് എം കെ മുനീർ എം എൽ എ യുടെ പ്രതികരണം. ഹരിത വിഷയത്തിന് പിന്നാലെ മറ്റൊരു തലവേദനയാണ് ഇപ്പോൾ ലീഗിൽ ഉടലെടുത്തിരിക്കുന്ന വിമത നീക്കം.