ശബരിമല വിമാനത്താവളം പദ്ധതിക്കെതിരെ നുണ പ്രചരണം,വസ്തുതകൾ ഇങ്ങനെ

0
78

ശബരിമല വിമാനത്താവളം പദ്ധതിക്കെതിരെ സമൂഹത്തിലെ ഒരു സംഘം ആളുകൾ ഉയർത്തുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പദ്ധതിയുടെ സ്പെഷ്യൽ ഓഫീസർ വ്യക്തമാക്കി. പദ്ധതി നടക്കില്ലെന്നും സ്ഥലം അനുയോജ്യമല്ലെന്നുമുള്ള പ്രചാരണം വസ്‌തുതാപരമല്ലെന്ന്‌ പദ്ധതിയുടെ സ്‌പെഷ്യൽ ഓഫീസർ വി തുളസീദാസ് പറഞ്ഞു.കെഎസ്ഐഡിസിയും കൺസൾട്ടൻസി കമ്പനിയായ ലൂയി ബഗ്റും ചേർന്നാണ്‌ സാങ്കേതിക സാധ്യതാപഠന റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.ഇത്‌ വ്യോമയാനമന്ത്രാലയത്തിനും ബന്ധപ്പെട്ടവർക്കും കൈമാറുന്നത് നടപടി ക്രമത്തിന്റെ ഭാഗമാണ്. ഇങ്ങനെ നൽകിയ റിപ്പോർട്ടിൻമേൽ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറലിൽനിന്ന്‌ (ഡിജിസിഎ) ലഭിച്ച പ്രതികരണമടക്കമുള്ള മുഴുവൻ ചോദ്യവും കെഎസ്ഐഡിസിക്ക്‌ അയച്ചുതന്നിട്ടുണ്ട്‌. ഇതിനെല്ലാം കൃത്യവും വ്യക്തവുമായ മറുപടി തയ്യാറാക്കി നൽകുംമെന്നും തുളസീദാസ് പറഞ്ഞു.

വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട കേന്ദ്ര അധികാരികളിൽനിന്ന്‌ ഇത്തരം ചോദ്യങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഉയരുന്നത് സ്വാഭാവികമാണ്. കണ്ണൂർ വിമാനത്താവള നിർമാണാരംഭഘട്ടത്തിലും ഇതേ രീതിയിലുള്ള സംശയവും നിരീക്ഷണവും ഉന്നയിച്ചിരുന്നു. അവയ്‌ക്കെല്ലാം മറുപടി നൽകിയാണ്‌ പദ്ധതി യാഥാർഥ്യമാക്കിയത്‌. നിലവിൽ ശബരിമല വിമാനത്താവളം പദ്ധതിക്ക്‌ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും വി തുളസീദാസ് ദേശാഭിമാനിയോട്‌ പറഞ്ഞു.