മന്ത്രിമാർക്കുള്ള ത്രിദിന ഭരണ പരിശീലന പരിപാടി ഇന്ന് തുടങ്ങും, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
50

സംസ്ഥാന മന്ത്രിമാർക്കുള്ള ത്രിദിന ഭരണ പരിശീലന പരിപാടി ഇന്ന് തുടങ്ങും. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഐ എം ജിയിൽ പത്ത് സെഷനുകളായിട്ടാണ് പരിപാടി. സോഷ്യൽ മീഡിയയിലെ കെണിയും സാദ്ധ്യതകളുമുൾപ്പടെയുള്ള നിരവധി വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ ഉണ്ടാകും.ഭരണസംവിധാനത്തെക്കുറിച്ച് കൂടുതൽ അറിയുക, ദുരന്തവേളകളിൽ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, മന്ത്രിയെന്ന ടീം ലീഡർ തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനം.

ഭരണസംവിധാനത്തെക്കുറിച്ച് മുൻ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ വിശദീകരിക്കും. ഐക്യരാഷ്ട്ര സംഘടന ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ച് മന്ത്രിമാരോട് സംസാരിക്കും. ടീമിനെ നയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെക്കുറിച്ച് ഐ ഐ എം മുൻ പ്രൊഫസറും മാനേജീരിയൽ കമ്യൂണിക്കേഷൻ കൺസൾട്ടന്റുമായ പ്രൊഫ. മാത്തുക്കുട്ടി എം മോനിപ്പള്ളി ആശയവിനിമയം നടത്തും.

നാളെ രാവിലത്തെ ആദ്യ സെഷനിൽ പദ്ധതികൾ നടപ്പാക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത് സംസാരിക്കും. ശേഷം മന്ത്രിമാരുടെ ഉയർന്ന പ്രകടനം സംബന്ധിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാൽ ഓൺലൈനിൽ സംവദിക്കും. ഫണ്ടിംഗ് ഏജൻസികളെക്കുറിച്ചും പദ്ധതി ഘടനകളെക്കുറിച്ചും ലോകബാങ്ക് മുഖ്യ മൂല്യനിർണയ വിദഗ്ദ്ധയും സംസ്ഥാന സർക്കാരിന്റെ മുൻ ജെൻഡർ ഉപദേശകയുമായ ഡോ. ഗീതാ ഗോപാൽ സംസാരിക്കും. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഐ എം ജി ഡയറക്ടർ കെ ജയകുമാർ വിശദീകരിക്കും.

ഇ – ഗവേണൻസിന്റെ പ്രാധാന്യത്തെക്കുറിച്ച് ബുധനാഴ്ച രാവിലെ നടക്കുന്ന സെഷനിൽ കേരള യൂണിവേഴ്സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് സംസാരിക്കും. മികച്ച ഫലം ലഭിക്കുന്നതിന് പ്രചോദനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര മുൻ സെക്രട്ടറി അനിൽ സ്വരൂപ് സംവദിക്കും. സോഷ്യൽ മീഡിയയിലെ അപകടങ്ങളും പുതിയ സാദ്ധ്യതകളും എന്ന വിഷയത്തെക്കുറിച്ച് സിറ്റിസൺ ഡിജിറ്റൽ ഫൗണ്ടേഷൻ സ്ഥാപകരായ നിധി സുധനും വിജേഷ് റാമും അവതരിപ്പിക്കുന്ന സെഷനോടെ പരിശീലന പരിപാടി സമാപിക്കും.