ഒഴുക്കില്‍പ്പെട്ട് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

0
54

ചെങ്ങളായി തേര്‍ളായി മുനമ്പത്ത് കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി.അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ ടീമും തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങില്‍ നിന്നെത്തിയ സേനയുടെ മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും ചേര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ 7.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. തേര്‍ളായിയിലെ കെ വി ഹാഷിം-കെ സാബിറ ദമ്പതികളുടെ മകന്‍ കെ അന്‍സബി (16) ആണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. കൂട്ടുകാരായ മൂവര്‍ സംഘത്തോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ഥി. തുടര്‍ന്ന് മറുകരയായ കോറളായി ദ്വീപിലേക്ക് എല്ലാവരും നീന്തുന്നതിനിടെ അന്‍സബ് ഒഴുക്കില്‍പ്പെടുകയായിരുന്നു.കാണാതായ സ്ഥലത്തിന്റെ അടിത്തട്ടില്‍ ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയും ശ്രീകണ്ഠപുരം പോലീസും നാട്ടുകാരും ചേര്‍ന്ന് ഞായറാഴ്ച വൈകുന്നേരം തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.