റഷ്യൻ സർവകലാശാലയിൽ വിദ്യാര്‍ത്ഥിയുടെ വെടിവെപ്പ്; എട്ട്‌ മരണം, പത്ത്‌ പേർക്ക്‌ പരിക്ക്‌

0
85

റഷ്യയിലെ പേം സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥി നടത്തിയ വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു. പത്തുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയോടെ ക്യാമ്പസിലെത്തിയ വിദ്യാർത്ഥി ആളുകൾക്ക്‌ നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന്‌ റഷ്യൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ എത്രപേർ മരിച്ചെന്ന്‌ യൂണിവേഴ്‌സിറ്റി അധികൃതർ പുറത്തുവിട്ടിട്ടില്ല. എട്ട്‌ പേർ കൊല്ലപ്പെട്ടതായാണ്‌ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌.

മരിച്ചവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാനായി വിദ്യാര്‍ത്ഥികള്‍ ക്യാംപസ് കെട്ടിടത്തിന്റെ ജനലിലൂടെ ചാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. റഷ്യയിലെ പ്രമുഖ മാധ്യമമായ റെന്‍ ടിവിയാണ് ഫൂട്ടേജ് പുറത്തു വിട്ടത്. അക്രമിയെ പിന്നീട്‌ സുരക്ഷാ ജീവനക്കാർ പിടികൂടി. ഇയാളുടെ വിവരങ്ങളും വ്യക്തമാക്കിയിട്ടില്ല. സർവകലാശാലയിലെ വിദ്യാർത്ഥിയാണെന്ന വിവരം മാത്രമാണ് പുറത്തുവന്നത്. സംഭവത്തിൽ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചു.