വയോജനങ്ങൾക്കായി സംസ്ഥാനത്ത്‌ ടോൾഫ്രീ ഹെൽപ്‌ലൈൻ ആരംഭിക്കുന്നു

0
48

വയോജനങ്ങൾക്കായി സംസ്ഥാനത്ത്‌ ടോൾഫ്രീ ഹെൽപ്‌ലൈൻ ആരംഭിക്കുന്നു. ‘14567 എൽഡർ ലൈൻ’ ഉടൻ നിലവിൽ വരും. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിലാണ്‌ പദ്ധതി. മുതിർന്നവർക്ക്‌ ഈ നമ്പറിൽ വിളിച്ച്‌ അവരുടെ പരാതികളും പ്രശ്‌നങ്ങളും അറിയിക്കാം. സഹായങ്ങൾക്കും സേവനങ്ങൾക്കും വിളിക്കാം. ഹെൽപ്‌ലൈൻ വഴി ലഭിക്കുന്ന പരാതികളും ആവശ്യങ്ങളും രേഖപ്പെടുത്തുകയും സ്വഭാവം പരിശോധിച്ച ശേഷം ബന്ധപ്പെട്ട വകുപ്പുകൾക്ക്‌ തുടർനടപടി സ്വീകരിക്കാൻ കൈമാറും. നടപടി സ്വീകരിച്ചതായി ഉറപ്പാക്കുകയും ചെയ്യും. പൂജപ്പുരയിലാണ്‌ ഹെൽപ്‌ലൈനിന്റെ ആസ്ഥാനം.

ഒരേ സമയം പത്ത്‌ കോൾ സ്വീകരിക്കാനുള്ള സൗകര്യം സജ്ജമാക്കും. ഇതിന്‌ പുറമേ വയോജനങ്ങളുടെ പ്രശ്‌നം നേരിട്ട്‌ മനസ്സിലാക്കുന്നതും പരാതികളിലെ യാഥാർഥ്യം തിരിച്ചറിയാനും ഉടൻ സേവനം ലഭ്യമാക്കാനും ജില്ലകളിൽ ജീവനക്കാരെ നിയോഗിക്കും.
ആദ്യ ഘട്ടത്തിൽ രണ്ട്‌ ജില്ലയ്‌ക്കായി ഒരു ജീവനക്കാരനെയാണ്‌ നിയോഗിക്കുക. പ്രോഗ്രാം മാനേജരടക്കം 24 പേരാണ്‌ കോൾസെന്റർ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ സേവമനുഷ്‌ഠിക്കുക. രാവിലെ എട്ട്‌ മുതൽ രാത്രി എട്ട്‌ വരെയാകും പ്രവർത്തനം. പിന്നീട്‌ ദീർഘിപ്പിക്കും.

കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ്‌ ഹെൽപ്‌ലൈൻ. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ താൽക്കാലികമായി ഒരോ ജില്ലയിലും കോൾ സെന്റർ ആരംഭിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ സംസ്ഥാനതലത്തിൽ സ്ഥിരം ഹെൽപ്‌ലൈൻ ആരംഭിക്കുന്നത്‌. അടുത്തിടെ ഭിന്നശേഷിക്കാർക്കായി സംസ്ഥാന സാമൂഹ്യ നീതിവകുപ്പ്‌ ‘സഹജീവനം’ സഹായകേന്ദ്രങ്ങളും തുടങ്ങിയിരുന്നു.