Monday
12 January 2026
23.8 C
Kerala
HomeKeralaസ്കൂൾ തുറന്നാൽ ആദ്യ ആഴ്ചകളിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം ക്ലാസ്; പഠനസമയം കൂട്ടുക ഘട്ടംഘട്ടമായി...

സ്കൂൾ തുറന്നാൽ ആദ്യ ആഴ്ചകളിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം ക്ലാസ്; പഠനസമയം കൂട്ടുക ഘട്ടംഘട്ടമായി മാത്രം

നവംബർ ഒന്നിന് സ്കൂൾ തുറന്നാലും ആദ്യ ആഴ്ചകളിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം ക്ലാസ് മതിയെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ ആലോചന. ക്ലാസ് തുടങ്ങിയ ശേഷമുള്ള സ്ഥിതി കൂടി വിലയിരുത്തി ഘട്ടംഘട്ടമായി സമയദൈർഘ്യം കൂട്ടാനാണ് ശ്രമം. പ്ലസ് വൺ പരീക്ഷക്കും പ്ലസ് വൺ പ്രവേശന നടപടികൾക്കും ഇടയിൽ സ്കൂൾ തുറക്കുന്നത് അധ്യാപകർക്ക് വെല്ലുവിളിയാണ്.

കുട്ടികൾക്ക് പ്രതിരോധ ശേഷി കൂടുതലാണെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും വിദ്യാഭ്യാസവകുപ്പിന്റെ ആശങ്ക കൂടുതലും പ്രൈമറി ക്ലാസിലെ കൂട്ടികളുടെ കാര്യത്തിലാണ്. വാക്സീൻ ആയിട്ടില്ല. മുഴുവൻ സമയവും മാസ്ക് ഇടുമോ എന്ന് ഉറപ്പില്ല, കളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമൊക്കെ കുഞ്ഞുങ്ങൾക്കിടയിലെ സാമൂഹ്യ അകലമെല്ലാം പ്രശ്നമാണ്. പ്രൈമറി മുതൽ മേലോട്ടുള്ള ക്ലാസുകളിൽ മുഴുവൻ പിരീയഡും ക്ലാസ് ആദ്യഘട്ടത്തിൽ വേണ്ട എന്നതാണ് ഇപ്പോഴത്തെ ആലോചന. ഷിഫ്റ്റ്, പീരിയഡ്, യാത്രാ സൗകര്യം എല്ലാറ്റിലും വിശദമായ ചർച്ചക്ക് ശേഷമാകും അന്തിമതീരുമാനം.

വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധ മുഴുവൻ പ്ലസ് വൺ പരീക്ഷാ നടത്തിപ്പിലായിരിക്കെയാണ് ക്ലാസ് തുറക്കുന്നത്. 23 മുതൽ അടുത്ത മാസം വരെയാണ് പ്ലസ് വൺ പരീക്ഷ. സുപ്രീം കോടതിയുടെ കർശന നിരീക്ഷണമുള്ളതിനാൽ ഒരു വീഴ്ചയും ഇല്ലാതെ പരീക്ഷ നടത്തണം. ഈ മാസം 22 ന് പ്ലസ് വണ്ണിന്റെ ആദ്യ അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിക്കും. പരീക്ഷക്കൊപ്പം പ്രവേശന നടപടികളും തുടങ്ങേണ്ടിവരും.

സ്കൂളുകൾ വൃത്തിയാക്കുന്നതിലടക്കം രാഷ്ട്രീയപ്പാർട്ടികളുടേയും സന്നദ്ധസംഘടനകളുടേയും സഹായം ഉറപ്പാക്കാനാണ് ശ്രമം. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും സ്കൂൾ തലത്തിലും വിവിധ വിഭാഗങ്ങളുമായി കൂടിയാലോചന നടത്തിയാകും സ്കൂൾ തുറക്കൽ.

RELATED ARTICLES

Most Popular

Recent Comments