ചാരക്കേസ് ഗൂഢാലോചന: ജാമ്യം റദ്ദാക്കാൻ സുപ്രീംകോടതിയെ സമീപിച്ച് സിബിഐ

0
88

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ പ്രതിയായ ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ബി ശ്രീകുമാര്‍ അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് സിബിഐ. എസ് വിജയന്‍, പി എസ് ജയപ്രകാശ്, തമ്പി എസ് ദുര്‍ഗ്ഗാദത്ത്, എന്നിവരുടെ മുന്‍കൂര്‍ ജാമ്യവും റദ്ദാക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു. ദേശിയ പ്രാധാന്യമുള്ള കേസിലെ വസ്തുതകള്‍ കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും സിബിഐ ചൂണ്ടിക്കാട്ടി.

ആര്‍ ബി ശ്രീകുമാര്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെയുള്ളത് ഗുരുതരമായ ആരോപണങ്ങളാണെന്ന് ഹര്‍ജിയില്‍ സിബിഐ ആരോപിക്കുന്നു. വി എസ് എസ് സിയില്‍ കമാന്‍ഡന്റ് ആയിരുന്ന കാലഘട്ടം മുതല്‍ ആര്‍ ബി ശ്രീകുമാറിന് തന്നെ അറിയാമായിരുന്നുവെന്ന് നമ്പി നാരായണന്‍ സിബിഐക്ക് മൊഴി നൽകിയിരുന്നു. ഒരു ബന്ധുവിന് ജോലി നല്‍കണം എന്ന ശ്രീകുമാറിന്റെ ആവശ്യം നിരസിച്ചതിനാല്‍ തന്നോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്നും മൊഴിയിലുണ്ട്.

ഈ ആരോപണം തെളിയിക്കാന്‍ ശ്രീകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് സിബിഐ ഹർജിയിൽ പറയുന്നത്. പ്രതികൾ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സിബിഐ പറഞ്ഞു.

ഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് ആര്‍ ബി ശ്രീകുമാര്‍. എസ് വിജയന്‍ ഒന്നാം പ്രതിയും, തമ്പി എസ് ദുര്‍ഗ്ഗാദത്ത്, രണ്ടാം പ്രതിയും പി എസ് ജയപ്രകാശ് പതിനൊന്നാം പ്രതിയുമാണ്.