ഛത്തീസ്ഗഡിൽ ബിജെപി നേതാവ് തൂങ്ങിമരിച്ച നിലയില്‍

0
23

ഛത്തീസ്ഗഡിൽ ബിജെപി നേതാവും മുൻമന്ത്രിയുമായ രജീന്ദര്‍പാല്‍ സിങ് ഭാട്ടിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്‌ചയാണ്‌ രാജ്നാണ്ടങ്കാവിലെ വീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 72 കാരനായ രജീന്ദര്‍പാല്‍ സിങ് ഭാട്ടിയ രമണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ആദ്യ ബിജെപി മന്ത്രിസഭയില്‍ വാണിജ്യ-വ്യവസായ സഹമന്ത്രിയായിരുന്നു. ഖുജി നിയമസഭാമണ്ഡലത്തില്‍ നിന്നും മൂന്നുതവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗനമം. എന്നാൽ, ആത്മഹത്യയാണോ എന്നത് സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിൽ ഭാട്ടിയക്ക് കോവിഡ് ബാധിച്ചിരുന്നു.

ഇതിനുശേഷം ഭാട്ടിയക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. 2013 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെതുടർന്ന് ഭാട്ടിയ ബിജെപി വിമതനായി മത്സരിച്ചിരുന്നു. ഈ കാലഘട്ടത്തിൽ ബിജെപി സംസ്ഥാന കേന്ദ്ര നേതൃത്വവുമായി കലഹിച്ചിരുന്നു. പിന്നീട് മുതിർന്ന നേതാക്കൾ മുൻകൈയെടുത്ത് ബിജെപിയിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.