വിഡിയോ കോളിൽ നഗ്നത പ്രദർശനം, തുടർന്ന് ഭീഷണി, പുതിയ തട്ടിപ്പ് അനുഭവം വ്യക്തമാക്കി അനീഷ് രവി

0
71

വിഡിയോ കോൾ വിളിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം വ്യാപകം. ഏറ്റവുമൊടുവിലായി സഹപ്രവർത്തകന് നേരിട്ട അനുഭവം പങ്കുവെച്ച് നടൻ അനീഷ് രവി. ഫെയ്സ്ബുക് ലൈവിലെത്തിയാണ് താരം തട്ടിപ്പിന്റെ വിവരങ്ങൾ വ്യക്തമാക്കിയത്.

ഫോണിൽ സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്നാണ് ആർട് ഡയറക്ടർ അനിലിന് വിഡിയോ കോൾ വരുന്നത്. കോൾ എടുത്തപ്പോൾ ഒരു പെൺകുട്ടി സംസാരിക്കുന്നു. പിന്നീട് അവർ സ്വയം വസ്ത്രം മാറ്റുകയാണ്. ഉടൻ കോൾ കട്ട് ചെയ്തെങ്കിലും പിന്നീട് ഇതിന്റെ സ്ക്രീൻ റെക്കോർഡും മറ്റ് വിഡിയോകളും എഡിറ്റ് ചെയ്ത് കയറ്റിയ ശേഷം ഒരു വിഡിയോ അയച്ചുതരികയായിരുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

തുടർന്ന് 11,500 രൂപ ആവശ്യപ്പെടുകയും നൽകിയില്ലെങ്കിൽ വിഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യും എന്നും ഭീഷണിപ്പെടുത്തി. അറിയാത്ത നമ്പറുകളിൽനിന്നും വരുന്ന വിഡിയോ കോൾ എടുക്കരുതെന്ന് അഭ്യർഥിച്ചാണ് അനീഷ് രവി വിഡിയോ അവസാനിപ്പിക്കുന്നത്.

സമാനമായ അനുഭവങ്ങൾ പല പ്രമുഖർക്കും, പൊതു ജനങ്ങൾക്കും സംഭവിക്കുന്നുണ്ട്. ഓൺലൈൻ തട്ടിപ്പിന്റെ പുതിയ രീതിയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും, പരമാവധി ജാഗ്രത പുലർത്തണമെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള വിഡിയോ കോളുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും, ഇത്തരം അനുഭവം ഉണ്ടായാൽ സൈബർ സെല്ലിലോ പോലീസിലോ അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.