എം കെ ചെക്കോട്ടി അന്തരിച്ചു

0
46

പേരാമ്പ്രയിലും സമീപ പഞ്ചായത്തുകളിലും കമ്യൂണിസ്റ്റ് പാർടിയും സിപിഐ എമ്മും കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വെള്ളിയൂരിലെ എം കെ ചെക്കോട്ടി (96) അന്തരിച്ചു. ഒരു മാസം മുമ്പ്‌ വീണ്‌ പരിക്കേറ്റതിനെ തുടർന്ന് വീട്ടിൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ഞായറാഴ്‌ച രാവിലെയായിരുന്നു അന്ത്യം. 1951 ൽ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. നൊച്ചാട് സെൽ സെക്രട്ടറിയായിരുന്നു. 64 ൽ പാർടി പിളർന്നതിനെ തുടർന്ന് സിപിഐ എമ്മിന്റെ ഭാഗമായി. 40 വർഷം നൊച്ചാട് ലോക്കൽ സെക്രട്ടറി, പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, കർഷക സംഘം ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സിപിഐ എം നൊച്ചാട് ലോക്കൽ കമ്മിറ്റി അംഗമാണ്.

അയിത്തത്തിനും തീണ്ടലിനുമെതിരായ സമരം, കുളിസമരം, മീശ വെക്കാനുള്ള സമരം, ഹരിജനങ്ങൾക്ക് മുടി വെട്ടാനുള്ള സമരം, കുടിയിറക്കിനെതിരായ സമരം തുടങ്ങി നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ജന്മിമാരുടെയും കോൺഗ്രസ് ഗുണ്ടകളുടെയും പൊലീസിന്റെയും മർദ്ദനങ്ങൾക്കിരയായി. ഭാര്യ: കല്യാണി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എം കെ നളിനി ഉൾപ്പെടെ ഏഴ് മക്കളാണ്‌. മരുമകൻ: സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും അംഗവും മുൻ മന്ത്രിയുമായ ടി പി രാമകൃഷ്ണൻ എംഎൽഎ.