കാസര്‍കോട് മേല്പറമ്പിൽ എട്ടാംക്ലാസുകാരി വീട്ടിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ. ആദൂര്‍ സ്വദേശി ഉസ്മാനെയാണ് മുംബൈയിലെ ഒളിത്താവളത്തിൽനിന്നും മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പഠിച്ചിരുന്ന ദേളിയിലെ സ്വകാര്യ സ്കൂളിലെ അധ്യാപകനാണ് പിടിയിലായ ഉസ്മാന്‍. ഫോണ്‍ ട്രാക്ക് ചെയ്‌താണ് ഉസ്മാനെ കണ്ടെത്തിയത്.
ഉസ്മാനെതിരെ പോക്‌സോ, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും കേസെടുത്തിട്ടുണ്ട്. സെപ്റ്റംബര്‍ എട്ടിനാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യാന്‍ അധ്യാപകന്‍ പറയുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്ന ദിവസം രാത്രി അധ്യാപകന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടി ആത്മഹത്യ ചെയ്തുവെന്നും കാട്ടി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
പെണ്‍കുട്ടിയെ അശ്ലീല ചുവയുള്ള ചാറ്റിംഗിലൂടെ അധ്യാപകന്‍ പിന്തുടര്‍ന്നിരുന്നതായാണ് ആരോപണം. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇത് മനസിലാക്കിയ പിതാവ് സ്കൂള്‍ പ്രിന്‍സിപ്പലിനെ വിവരം ധരിപ്പിച്ചിരുന്നു. അന്ന് രാത്രി വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടി ആത്മഹത്യ ചെയ്തുവെന്നുമാണ് ബന്ധുക്കളുടെ പരാതി. പെണ്‍കുട്ടിയോട് ആത്മഹത്യ ചെയ്യാന്‍ അധ്യാപകന്‍ പറയുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. പെണ്‍കുട്ടിയുമായി പ്രതി അശ്ളീല ചുവയുള്ള ചാറ്റിങ് നടത്തിയതിന്റെ തെളിവുകളും പൊലീസ് കണ്ടെടുത്തു.