ക്യാപ്റ്റൻ അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെത്തുടർന്ന് പ്രതിസന്ധി നിലനിൽക്കുന്ന പഞ്ചാബിൽ നാടകീയ നീക്കങ്ങൾ. നേരത്തെ അമരീന്ദറിന്റെ പിൻഗാമിയായി തീരുമാനിച്ച സുഖ്ജിന്തർ സിങ് രൺധാവെയെ മാറ്റി പകരം ചരൺജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചു.
രാവിലെ ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ സുഖ്ജിന്തർ സിങ് രൺധാവെയെ മുഖ്യമന്ത്രിയാക്കാനായിരുന്നു ധാരണ. എന്നാൽ, വൈകിട്ടോടെയാണ് നാടകീയവും അപ്രതീക്ഷിതവുമായ തീരുമാനം പ്രഖ്യാപിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് പാർലമെൻററി പാർട്ടിയോഗമാണ് കൂട്ടായ തീരുമാനം എടുത്തതെന്ന് നേതാക്കൾ പറഞ്ഞതായി ‘എൻഡിടിവി’ റിപ്പോർട്ട് ചെയ്തു.
കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ആണ് പുതിയ മുഖ്യമന്ത്രിയുടെ പേര് ട്വീറ്റ് ചെയ്തത്. സുഖ്ജിന്തർ സിങ് രൺധാവെയെ മാറ്റാൻ അവസാന നിമിഷം ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. നിയമസഭ കക്ഷി യോഗം ചേർന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ കൂടി ഭാഗമായാണ് ദളിത് വിഭാഗത്തിൽപ്പെട്ട ചരൺജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
നിലവിൽ സാങ്കേതിക വിദ്യാഭ്യാസമന്ത്രിയാണ്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം വന്നതിനുപിന്നാലെ വൈകിട്ട് 6.15 ഓടെ ചരൺജിത് സിങ് ചന്നി ഗവർണറുമായി കൂടിക്കാഴ്ച നടത്താൻ പുറപ്പെട്ടതായി ‘ഇന്ത്യടുഡേ’ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ചയാവും സത്യപ്രതിജ്ഞ. പഞ്ചാബിന്റെ ആദ്യദളിത് മുഖ്യമന്ത്രിയാവും ചരൺജിത്. ചംകൗര്‍ സാഹെബ് മണ്ഡലത്തിലെ എംഎല്‍എയായ അദ്ദേഹം 2015-16 സമയത്ത് പ്രതിപക്ഷ നേതാവായിരുന്നു.
സുഖ്ജീന്ദർ സിങ് രൺധാവ മുഖ്യമന്ത്രിയാവുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ദളിത് സമുദായത്തിൽ നിന്നുള്ള ഒരാൾ മുഖ്യമന്ത്രിയാവുന്നതാണ് കൂടുതൽ നല്ലതെന്ന അഭിപ്രായമാണ് ചന്നിക്ക് നറുക്ക് വീഴാൻ കാരണം. ഭരത് ഭൂഷൺ, കരുണ ചൗധരി എന്നിവരായിരിക്കും ഉപമുഖ്യമന്ത്രിമാർ. മുൻ അധ്യക്ഷന്മാരായ സുനിൽ ജാഖർ, പ്രതാപ് സിംഗ് ബജ്‌വ, അംബിക സോണി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. ചരൺജിത്തിന്റെ പേര് ഒരിക്കൽ പോലും പരിഗണക്ക് വന്നിരുന്നില്ല.
ഏറെ നാളത്തെ ഗ്രൂപ്പ് പോരിനൊടുവിൽ കഴിഞ്ഞ ദിവസമാണ് അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. അധികാരത്തിലേറിയത് മുതൽ നവജ്യോത് സിങ് സിദ്ദുവുമായി അമരീന്ദറിന് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. ഹൈക്കമാൻഡ് നേതൃത്വം നിരവധി തവണ ഇടപെട്ടെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. കൂടുതൽ എം.എൽ.എമാർ അമരീന്ദറിനെതിരെ രംഗത്ത് വന്നതോടെയാണ് ഹൈക്കമാൻഡ് അദ്ദേഹത്തിന്റെ രാജിയാവശ്യപ്പെട്ടത്.