കേരളത്തിലെ ആദ്യത്തെ “മുലപ്പാൽ ബാങ്ക്” കോഴിക്കോട്, ഇനി മുലപ്പാലും ദാനം ചെയ്യാം

0
307

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ മുലപ്പാൽ ബാങ്ക് എന്ന ആശയത്തിന് തുടക്കം കുറിച്ച് ആരോഗ്യ വകുപ്പ്. ആദ്യ മുലപ്പാൽ ബാങ്ക് കോഴിക്കോട് മാതൃ ശിശു കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മുലപ്പാല്‍. ആദ്യ ഒരു മണിക്കൂറില്‍ നവജാതശിശുവിന് മുലപ്പാല്‍ നല്‍കേണ്ടതും ആദ്യ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കേണ്ടതും ഏറെ അത്യാവശ്യമാണ്. തുടക്കത്തിൽ മുലപ്പാൽ ലഭ്യമല്ലാതിരിക്കുന്നത് അണുബാധ ഉണ്ടാകുവാൻ കാരണമായേക്കാം. എന്നാല്‍ അമ്മമാരുടെ പകര്‍ച്ചവ്യാധികള്‍, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍, വെന്റിലേറ്ററിലുള്ള അമ്മമാര്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കാറില്ല. അത്തരത്തിലുള്ള കുട്ടികള്‍ക്ക് കൂടി മുലപ്പാല്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന ആശയമാണ് “മുലപ്പാൽ ബാങ്ക് ”

സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരില്‍ നിന്നും മുലപ്പാല്‍ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്‌ക്രീനിങ്ങുകളിലൂടെയും സംഭരിച്ച് ആവശ്യമായ ശിശുക്കള്‍ക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാല്‍ വിതരണം ചെയ്യുന്ന ഒരു സേവനമാണിത്. പ്രതിരോധ കുത്തിവെപ്പിനോ, നിസാര രോഗങ്ങളുമായോ ആശുപത്രിയിലെത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാരില്‍ നിന്നും അവരുടെ സമ്മതത്തോടെ മുലപ്പാല്‍ ശേഖരിക്കലാണ് ആദ്യ പടി. ആശുപത്രി ജീവനക്കാരില്‍ മുലയൂട്ടുന്നവരുണ്ടെങ്കിലോ, ആശുപത്രിയില്‍ കുഞ്ഞിനോടൊപ്പം അഡ്മിറ്റായ സ്വന്തം കുഞ്ഞിന് അസുഖം കാരണം മുല കുടിക്കാന്‍ പറ്റാത്ത സാഹചര്യമുള്ള അമ്മമാര്‍ക്കും മുലപ്പാല്‍ ദാനം ചെയ്യാം.

മുലപ്പാൽ ദാനം ചെയ്യുന്ന സ്ത്രീക്ക് രോഗങ്ങൾ ഉണ്ടാകാൻ പാടില്ല. പുകവലി, മദ്യപാനം, മയക്കുമരുന്നുകൾ എന്നിവ ഉപയോഗിക്കുന്നവരാകരുത്. മുലപ്പാലിലൂടെ പുറത്ത് വരുന്ന ചില മരുന്നുകൾ (കാൻസർ കീമോതെറാപ്പി പോലെ ) ഉപയോഗിക്കുന്നവരും ആകരുത്. പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം മാത്രമാണ് പാല്‍ ഉപയോഗത്തിന് കൊടുക്കുന്നത്.