പി.എസ്.സി പത്താംതലം പ്രാഥമിക പരീക്ഷ: അർഹതാ പട്ടിക പ്രസിദ്ധീകരിച്ചു തുടങ്ങി

0
88

പത്താംതല പ്രാഥമിക പരീക്ഷയിൽ ഉൾപ്പെട്ട 192 കാറ്റഗറിയിലുള്ള തസ്തികകളുടെ അർഹതാപട്ടിക കേരള പി.എസ്.സി. പ്രസിദ്ധീകരിച്ചു തുടങ്ങി. സംസ്ഥാനതല തസ്തികകളുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു.

14 ജില്ലകളിലേക്കുള്ള എൽ.ഡി.ക്ലർക്ക് തസ്തികയുടെയും സെക്രട്ടറിയേറ്റ്/പി.എസ്.സി. ഓഫീസ് അറ്റൻഡന്റ് തസ്തികയുടെയും അർഹതാപട്ടിക നാളെ പ്രസിദ്ധീകരിക്കും. ജില്ലാതലത്തിലുള്ള ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് അടക്കമുള്ള മറ്റ് തസ്തികകളുടെ പട്ടികകൾ തുടർന്നുള്ള ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്. വിശദാംശങ്ങൾ പി.എസ്.സി.

വെബ്സൈറ്റിൽ നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന അന്തിമ പരീക്ഷകൾ എഴുതുവാൻ അർഹത നേടിയവരുടെ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം കട്ട് ഓഫ് മാർക്ക് നിശ്ചയിച്ചാണ് ഏകീകൃത പട്ടിക പ്രസിദ്ധീകരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള  ഉദ്യോഗാർത്ഥികളുടെ എണ്ണത്തിന്റെ ആറിരട്ടിയെങ്കിലും വരുന്ന ഉദ്യോഗാർത്ഥികളെയാണ് പട്ടികയിലുൾപ്പെടുത്തുന്നത്. സംവരണ വിഭാഗങ്ങളെയും ആവശ്യമായ തോതനുസരിച്ച് ഉൾപ്പെടുത്തുന്നതാണ്.

ഭിന്നശേഷിക്കാരുൾപ്പടെ വിവിധ ആനുകൂല്യങ്ങൾക്കർഹരായവരെ അപേക്ഷാ സമർപ്പണ സമയത്ത് അവർ സ്വയം അവകാശപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അർഹതാ പട്ടികയിൽ
ഉൾപ്പെടുത്തിയിരിക്കുന്നത്. അന്തിമ പരീക്ഷയ്ക്ക് ശേഷം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളവർക്കായി നടക്കുന്ന പ്രമാണപരിശോധനയിൽ അവകാശവാദം തെറ്റെന്ന്
ബോധ്യപ്പെടുന്ന പക്ഷം അത്തരക്കാരെ തുടർന്നുള്ള തെരഞ്ഞെടുപ്പിൽ നിന്നും ഒഴിവാക്കുന്നതാണ്.

192 കാറ്റഗറികളിൽ കഴിഞ്ഞ ഫെബ്രുവരി, മാർച്ച്, ജൂലായ് മാസങ്ങളിൽ അഞ്ചു ഘട്ടങ്ങളിലായി നടന്ന പരീക്ഷയിൽ 15 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയത്.