ദുരഭിമാനക്കൊല: കമിതാക്കളെ കൊന്ന് മൃതദേഹം രണ്ട് സംസ്ഥാനങ്ങളില്‍ ഉപേക്ഷിച്ചു

0
59

ഉത്തര്‍പ്രദേശില്‍ വീണ്ടും ദുരഭിമാനക്കൊല. ഡല്‍ഹിയിലേക്ക് പോയ കമിതാക്കളെ കൊന്ന് അവരുടെ മൃതദേഹങ്ങള്‍ രണ്ട് സംസ്ഥാനങ്ങളില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ജഗാംഗീര്‍പുരി സ്വദേശികളായ യുവാവും കൗമാരക്കാരിയുമാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ജൂലായ് 31-നാണ് ജഗാംഗീര്‍പുരില്‍ നിന്നും കമിതാക്കള്‍ ഡല്‍ഹിയിലേക്ക് ഒളിച്ചോടിയത്. തൊട്ടുപിന്നാലെ ഇവരെ അന്വേഷിച്ച്‌ പെണ്‍കുട്ടിയുടെ ബന്ധുക്കളെത്തി തട്ടിക്കൊണ്ടു പോയി. പിന്നീട് അതിക്രൂരമായി കൊല്ലുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം മധ്യപ്രദേശിലെ ബിന്‍ഡില്‍ നിന്നും യുവാവിന്റെ മൃതദേഹം രാജസ്ഥാനില്‍ നിന്നുമാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ കഴുത്തു ഞെരിച്ച്‌ കൊന്ന സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയാണ് ചെയ്തത്. യുവാവിന്റെ സ്വകാര്യഭാഗങ്ങള്‍ കീറി മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.