കായിക കേരളത്തിന് കരുത്ത്, കേരളത്തിൽ മൂന്ന് ഫുട്ബോൾ അക്കാദമികൾ പ്രവർത്തനമാരംഭിച്ചു

0
98

 

കായിക കേരളത്തിന് പ്രത്യേകിച്ച് ഫുട്ബോൾ മേഖലയ്ക്ക് കരുത്തായി കേരളം സർക്കാർ. പ്രതിഭയുള്ള നിരവധി ഫുട്ബോൾ താരങ്ങളുള്ള നാടൻ കേരളം. ആ തിരിച്ചറിവിൽ നിന്നുകൊണ്ട് സംസ്ഥാനത്ത് മൂന്ന് ഫുട്ബോൾ അക്കാദമികൾ പ്രവർത്തനമാരംഭിച്ചു. ആധുനിക പരിശീലന സൗകര്യങ്ങളോടെയുള്ള അക്കാദമി കണ്ണൂരിലും എറണാകുളത്തുമാണ് പ്രവർത്തനം ആരംഭിച്ചത്.കായിക-യുവജനകാര്യ ഡയറക്ടറേറ്റ്,സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലാണ് ഫുട്ബോൾ അക്കാദമികൾ പ്രവർത്തനം ആരംഭിച്ചത്. സർക്കാരിന്റെ നൂറു ദിന പദ്ധതികളുടെ ഭാഗമായാണ് ഫുട്ബോൾ അക്കാദമികൾ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഫേസ്ബുക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബാണ് ജി വി രാജ അക്കാദമിയുമായി സഹകരിക്കുന്നത്. ഗോകുലം എഫ് സി കണ്ണൂർ അക്കാദമിയുമായും സഹകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പ് പൂർണ്ണരൂപം:

അന്താരാഷ്ട്രതലത്തിൽ സാന്നിധ്യമുറപ്പിക്കാൻ കഴിയുന്ന പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാനായി ആധുനിക പരിശീലന സൗകര്യങ്ങളുള്ള മൂന്ന് ഫുട്ബോൾ അക്കാദമികൾ കേരളത്തിൽ പ്രവർത്തനം ആരംഭിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഫുട്ബോൾ അക്കാഡമികൾ ആരംഭിക്കുന്നത്.

കായിക-യുവജനകാര്യ ഡയറക്ടറേറ്റിൻ്റെ രണ്ട് അക്കാദമികൾ കണ്ണൂരിലും തിരുവനന്തപുരത്തും സംസ്ഥാന സ്‌പോട്‌സ് കൗൺസിലിന്റെ അക്കാദമി എറണാകുളത്തുമാണ് പ്രവർത്തനം ആരംഭിക്കുന്നത്. കണ്ണൂർ, എറണാകുളം അക്കാദമികൾ വനിതകൾക്ക് മാത്രമായാണ്.

അന്താരാഷ്ട്ര നിലവാരമുള്ള ഗ്രൗണ്ടുകൾ, മികച്ച കായിക ഉപകരണങ്ങൾ, മികച്ച ടീം മാനേജ്‌മെൻറ്, ഗുണനിലവാരമുള്ള വിദ്യാഭ്യാസ സംവിധാനം എന്നിവ ഉറപ്പാക്കുന്നു. ഓരോ കുട്ടിയുടേയും പ്രകടനവും പുരോഗതിയും വിലയിരുത്താൻ ഡാറ്റാ മാനേജ്‌മെൻ്റ് ആൻ്റ് അനാലിസിസ് പ്ലാറ്റ്‌ഫോമും ഉണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബാണ് ജി വി രാജ അക്കാദമിയുമായി സഹകരിക്കുന്നത്. ഗോകുലം എഫ് സി കണ്ണൂർ അക്കാദമിയുമായും സഹകരിക്കും.