പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സർക്കാർ എയിഡഡ് സ്‌കൂളുകൾ ജനകീയമാകുന്നു. 2021-22 അധ്യയനവർഷത്തിൽ സർക്കാർ മേഖലയിൽ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,84,708 കുട്ടികളടക്കം 3,05,414 കുട്ടികളാണ് ഒന്നാം ക്ലാസിൽ അഡ്മിഷൻ നേടിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഒന്നാം ക്ലാസ് പ്രവേശനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഇക്കൊല്ലം അധികം എത്തിയത്. 2020 – 21ൽ സർക്കാർ മേഖലയിൽ 1,05,472 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്.
എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങൾ വർദ്ധിച്ചതും അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതുമാണ് പൊതു വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ കൂടുതലായി എത്തുന്നതിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ജാതി,മത, വർഗ ഭേദമന്യേ എല്ലാ കുഞ്ഞുങ്ങൾക്കും ഏറ്റവും നല്ല വിദ്യാഭ്യാസം ഒരുക്കുക എന്നതാണ് എൽഡിഎഫിൻ്റെ നയം. ആ നയത്തിന് ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.