കെ പി അനിൽകുമാറിന്റെ പിന്നാലെ കൂടുതൽ നേതാക്കൾ കോൺഗ്രസ് വിടാനൊരുങ്ങുന്നു, ഉള്ളുരുകി കെപിസിസി

0
91

അനിരുദ്ധ് പി.കെ.

കെ പി അനിൽകുമാർ നാല് പതിറ്റാണ്ടിലധികം നീണ്ടു നിന്ന കോൺഗ്രസ്സ് രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ച് സിപിഐഎമ്മിൽ ചേർന്നതിന് പിന്നാലെ പ്രമുഖ നേതാക്കൾ കോൺഗ്രസ്സ് വിടാൻ ഒരുങ്ങുന്നതായി സൂചന. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ കെ പി അനിൽകുമാർ ഇതിന്റെ സൂചനകൾ നൽകിയതോടെ കെ പി സി സി അങ്കലാപ്പിലായി. കെപിസിസി യെ സംബന്ധിച്ച് കെ പി അനിൽകുമാർ ചെറിയ നേതാവല്ല. നാല് കെ പി സി സി അധ്യക്ഷന്മാർക്ക് കീഴിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീർഘകാലം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ച മുതിർന്ന കോൺഗ്രസ്സ് നേതാവാണ്. കെ പി സി സി അധ്യക്ഷന്റെ വലംകൈയ്യായി പ്രവർത്തിച്ചിരുന്ന നേതാവാണ് ഇപ്പോൾ നീതികേടും ജനാധിപത്യമില്ലായ്മയും സംഘപരിവാർ അനുകൂല നിലപാടും ചൂണ്ടിക്കാട്ടി പാർട്ടി വിട്ടത്. മാന്യതയും മര്യാദയമുള്ള രാഷ്ട്രീയ ജീവിതത്തിന്റെ ഉടമ കൂടിയാണ് കെ പി അനിൽകുമാർ അതുകൊണ്ട് തന്നെ ചുവടുമാറ്റം കോൺഗ്രസിനുള്ളിൽ വലിയ കോളിളക്കത്തിനാണ് തിരി കൊളുത്തുന്നത്.

പുനഃസംഘടനയിൽ ഇതിനോടകം ഇടഞ്ഞ് നിൽക്കുന്ന നേതാക്കൾക്ക് വഴി വെട്ടുകയാണ് കെ പി അനിൽകുമാറിന്റെ നീക്കം. കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ എന്നിങ്ങനെ പുതിയ ഗ്രൂപ്പ് നേതാക്കൾക്ക് അപകടം മാനത്ത് കഴിഞ്ഞു. കെ സുധാകരന്റെ ഇരട്ടത്താപ്പ് ഈ ഇടഞ്ഞ് നിൽക്കുന്ന നേതാക്കൾക്ക് കൃത്യമായി മനസിലായി കഴിഞ്ഞു. എ വി ഗോപിനാഥ് പാർട്ടി വിട്ടപ്പോൾ നടത്തിയ പ്രതികരണവും കെ പി അനിൽകുമാർ രാജി വെച്ചപ്പോൾ നടത്തിയ പ്രതികരണവും ഇക്കാര്യം അടിവരയിടുന്നു. തരം താഴ്ന്ന പ്രതികരണങ്ങളല്ലാതെ കെ പി അനിൽകുമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല.

മൂന്ന് മാസത്തിനുള്ളിൽ പ്രധാനപ്പെട്ട പല കാര്യങ്ങളും തെളിവിന്റെ അടിസ്ഥാനത്തിൽ പുറത്ത് വിടുമെന്ന കെ പി അനിൽകുമാറിന്റെ പ്രസ്താവന നേതാക്കൾക്കിടയിൽ ഇതിനോടകം ഉൾക്കിടിലം സൃഷ്ടിച്ചിട്ടുണ്ട്. കെ പി അനിൽകുമാറിനെ വിശ്വാസത്തിലെടുക്കുന്ന പല പ്രമുഖ നേതാക്കൾ കോഴിക്കോട് ജില്ലയിലും പുറത്തും സമാനമായ രാഷ്ട്രീയ ചുവടുമാറ്റത്തിന് ആലോചിക്കുന്നതായി സൂചനകൾ വന്നു കഴിഞ്ഞു. കോൺഗ്രസ്സ് കൊഴിഞ്ഞു പോക്കിന്റെ പ്രധാന കാരണം ഗ്രൂപ്പ് തർക്കങ്ങളും ജനാധിപത്യമില്ലായ്മയും പുതിയ കോൺഗ്രസ്സ് അധ്യക്ഷന്റെ ഏകാധിപത്യ സംഘപരിവാർ അനുകൂല നിലപാടുമാണ് എന്നതും പ്രധാനമാണ്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ കോൺഗ്രസ്സ് ബന്ധം അവസാനിപ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.