ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജി, പിന്നിൽ ബിജെപിയിലെ പോര്

0
51

സ്വന്തം ലേഖകൻ

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വിജയ് രൂപാണി രാജി വെച്ചതിനുപിന്നിൽ ബിജെപി നേതൃത്വത്തിലെ ചേരിപ്പോര്. നേതാക്കൾ തമ്മിലുള്ള പോരും രൂപാണിക്കെതിരെ സംസ്ഥാന നേതൃത്വം രംഗത്തുവന്നതുമാണ് രാജിക്ക് ഇടയാക്കിയത്. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി ശേഷിക്കെയാണ് വിജയ്രൂപാണിയുടെ അപ്രതീക്ഷിത രാജി. രൂപാണിക്കെതിരെ അസംതൃപ്തി പ്രകടിപ്പിച്ച വിഭാഗത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മൗനാനുവാദവും പിന്തുണയുമുണ്ട്. എന്നാൽ, അമിത്ഷയാകട്ടെ രൂപാണിക്കൊപ്പമാണ്.
രൂപാണിയുടെ രീതികളോട് ഒരു വിഭാഗം സംസ്ഥാന നേതാക്കൾക്കും കേന്ദ്ര നേതൃത്വത്തിനും ഒരുപോലെ എതിര്‍പ്പുയര്‍ന്നതോടെയാണ് പെട്ടന്നുള്ള രാജി. രൂപാണി മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് കഴിഞ്ഞ കുറച്ചുകാലങ്ങളിലായി ചര്‍ച്ച നടന്നുവരികയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്ക് പ്രധാനമന്ത്രി പിന്തുണ നല്‍കി. ഇതോടെ ഒരു വിഭാഗം രൂപാണിക്കെതിരെ പരസ്യമായി രംഗത്തുവന്നു. എന്നാൽ, ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ട് ഈ നീക്കത്തിനു തടയിട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ പട്ടേല്‍ വിഭാഗത്തില്‍ നിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും കേന്ദ്ര ഇടപെടലിലൂടെ വിജയ് രൂപാണി തുടരുകയായിരുന്നു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നവരെ രൂപാണി തുടരുമെന്നായിരുന്നു അമിത്ഷാ അടക്കമുള്ളവരും അറിയിച്ചിരുന്നത്.
ശനിയാഴ്ച മോഡി പങ്കെടുത്ത പരിപാടിയില്‍ സംബന്ധിച്ചശേഷമാണ് വിജയ് രൂപാണിയുടെ രാജി എന്നതും ഏറെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. രാജിക്കത്ത് കൈമാറിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരോക്ഷമായി
വിമർശിക്കുകയും ചെയ്തു. മോഡിജിയുടെ ‘മേൽനോട്ടത്തിൽ’ പുതിയ മന്ത്രിസഭക്ക് പ്രവർത്തിക്കാൻ കഴിയുമെന്നായിരുന്നു രൂപാണിയുടെ പരാമർശം. സാധാരണ പ്രവർത്തകനായി തുടരും. പാര്‍ട്ടിയുടെയും ഗുജറാത്തിന്റെയും വിശാല താല്‍പര്യം കണക്കിലെടുത്താണ് രാജിയെന്നും പാര്‍ട്ടി ഏല്പിക്കുന്ന ഏത് ഉത്തരവാദിത്തത്തിലും തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞതിനുശേഷം ആദ്യമായി അഞ്ചുവര്‍ഷം മുഖ്യമന്ത്രി പദവി വഹിച്ച വ്യക്തിയാണ് വിജയ് രൂപാണി. രൂപാണിയുടെ അപ്രതീക്ഷിതനീക്കത്തിൽ അമ്പരന്ന സംസ്ഥാന- കേന്ദ്ര നേതൃത്വം ഗാന്ധിനഗറില്‍ അടിയന്തിരയോഗം വിളിച്ചുചേർത്തു. രൂപാണിയുടെ രാജിയോടെ ബിജെപി സംസ്ഥാന നേതൃത്വവും കുഴങ്ങി. ഇനി മൂന്ന് വഴികളെ ബിജെപിക്കുള്ളത്. പുതിയൊരാളെ നേതാവായി തെരഞ്ഞെടുത്തത് മന്ത്രിസഭാ പുനസംഘടന നടത്തുകയാണ് ഒന്ന്. അല്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിലേക്ക് പോകേണ്ടിവരും. അതുമല്ലെങ്കിൽ അടുത്ത വർഷം നടക്കേണ്ട നിയമസഭാതെരഞ്ഞെടുപ്പ് ഈ വർഷം തന്നെ നടത്തേണ്ടിവരും. അതിനിടെ, പുതിയ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ബിജെപിയിൽ സജീവചർച്ച നടക്കുകയാണ്. അടുത്തിടെ കേന്ദ്രമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്ത രാജ്യസഭാംഗം കൂടിയായ മന്‍സൂഖ് മാണ്ഡവ്യ, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവരുടെ പേരുകളാണ് ഉയർന്നിട്ടുള്ളത്. മന്‍സൂഖ് ഇക്കഴിഞ്ഞ ജൂലൈയിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയായി ചുമതലയേറ്റത്. മന്‍സൂഖ് മാണ്ഡവ്യ രൂപാണിയുമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്.