സ്ത്രീകള്‍ക്ക് നല്‍കിയ തൊഴിലവസരങ്ങള്‍ വേശ്യാവൃത്തിക്ക് തുല്യമാണെന്നും പരാമര്‍ശം
സ്ത്രീകളുടെ ജോലി പ്രസവം, ഭരണം അവര്‍ക്ക് പറ്റിയ പണിയല്ലെന്ന് താലിബാന്‍ വക്താവ് സെയ്ദ് സെക്രുള്ള ഹാഷിമി. താലിബാന്‍ സര്‍ക്കാരില്‍ വനിതകൾ ഉണ്ടാകില്ല. സ്ത്രീകള്‍ക്ക് ഭരണം വഴങ്ങില്ലെന്ന് മാത്രമല്ല, അവർക്ക് മന്ത്രിമാരാകാനും പറ്റില്ല. പ്രസവിക്കലാണ് സ്ത്രീകളുടെ ജോലി. അവര്‍ക്ക് അത് മാത്രമേ അറിയുകയുള്ളുവെന്നും അഫ്‌ഗാനിസ്ഥാനിലെ പ്രാദേശിക വാര്‍ത്താ ചാനലായ ടോളോ ന്യൂസുമായുള്ള അഭിമുഖത്തില്‍ താലിബാന്‍ വക്താവ് സെയ്ദ് സെക്രുള്ള ഹാഷിമി പറഞ്ഞു.
സ്ത്രീയെ സംബന്ധിച്ച് അവര്‍ക്ക് താങ്ങാനാകാത്ത വസ്തു കഴുത്തില്‍ അണിയുന്നതു പോലെയായിരിക്കും മന്ത്രിസ്ഥാനം. മന്ത്രിസഭയില്‍ വേണ്ട ആവശ്യമൊന്നുമില്ല. മന്ത്രിപ്പണിയെടുക്കുന്നതിനുപകരം പ്രസവിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. വനിതാ പ്രാതിനിധ്യത്തിനു വേണ്ടി ഇപ്പോള്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ അഫ്ഗാനിസ്ഥാനിലെ എല്ലാ വനിതകളുടേയും പ്രതിനിധികളല്ല. ഇവിടുത്തെ (അഫ്‌ഗാന്‍) സമൂഹത്തിൽ പകുതിയോളം സ്ത്രീകളാണെന്ന് അഭിമുഖം നടത്തിയ മാധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടിയപ്പോൾ തങ്ങള്‍ അങ്ങനെ കണക്കാക്കുന്നില്ല എന്നായിരുന്നു മറുപടി. പകുതിയെന്നാൽ കഴിഞ്ഞ 20 വര്‍ഷമായി അഫ്‌ഗാനിസ്ഥാനില്‍ ഭരണം നടത്തിയിരുന്ന അമേരിക്കയുടെ പാവ സർക്കാർ സ്ത്രീകള്‍ക്ക് നല്‍കിയ തൊഴിലവസരങ്ങള്‍ വേശ്യാവൃത്തിക്ക് തുല്യമാണ്. സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനയാണെന്ന് മാധ്യമപ്രവർത്തകൻ സൂചിപ്പിച്ചപ്പോൾ എല്ലാ സ്ത്രീകളെയും ഉദ്ദേശിച്ചല്ല എന്നായിരുന്നു മറുപടി. തെരുവുകളിൽ പരസ്യമായി പ്രതിഷേധിക്കുന്ന “നാല്” സ്ത്രീകൾ അഫ്ഗാനിസ്ഥാനിലെ എല്ലാ വനിതകളെയും പ്രതിനിധീകരിക്കുന്നവരല്ല. ഇത്തരം സ്ത്രീകളെ അഫ്‌ഗാന്‍ പൗരന്മാരായി പോലും കണക്കാക്കുന്നില്ല. യഥാര്‍ത്ഥ അഫ്‌ഗാന്‍ സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കുകയും അവര്‍ക്ക് ഇസ്ലാമിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുകയുമാണ് ചെയ്യേണ്ടതെന്ന് സെക്രുള്ള പറഞ്ഞു.
അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിൽ വന്നാൽ സ്ത്രീകള്‍ക്ക് അര്‍ഹമായ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. മുന്‍ താലിബാന്‍ സര്‍ക്കാരിനേക്കാളും പുരോഗമന ചിന്തയുള്ളവരാണ് തങ്ങളെന്നും ഇക്കൂട്ടർ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. എന്നാൽ, സ്ത്രീകളെ കൂടുതൽ ഇരുട്ടിലേക്ക് തള്ളിവിടുന്ന നടപടികളാണ് താലിബാൻ അഫ്ഗാനിൽ ഇപ്പോൾ നടപ്പാക്കുന്നത്.
നേരത്തെ, പിഎച്ച്ഡിയ്ക്കോ ബിരുദാനന്തര ബിരുദത്തിനോ ഇക്കാലത്ത് വിലയില്ലെന്ന് അഫ്ഗാനിസ്ഥാൻ്റെ പുതിയ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മോൽവി നൂറുള്ള പറഞ്ഞിരുന്നു. ഹൈസ്കൂളിൽ പോലും പോകാത്ത മൗലവിമാരാണ് ഇപ്പോൾ അഫ്ഗാനിസ്ഥാൻ ഭരിക്കുന്നതെന്നും അതുകൊണ്ട് തന്നെ വിദ്യാഭ്യാസ യോഗ്യതകൾക്കൊന്നും സ്ഥാനമില്ലെന്നും എന്നായിരുന്നു മോളിവി നുറുള്ള പറഞ്ഞത്. പിഎച്ച്ഡിക്കോ ബിരുദാനന്തര ബിരുദത്തിനോ ഇന്ന് വിലയില്ല. മൗലവിമാരും താലിബാനുമാണ് ഇന്ന് അധികാരത്തിൽ. അവർക്ക് പിഎച്ച്ഡിയോ എംഎയോ ഹൈസ്കൂൾ ബിരുദമോ പോലും ഇല്ല. പക്ഷേ, മഹദ് വ്യക്തിത്വങ്ങളാണ്, എന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം