ന്യൂസ് ലോൺഡ്രി, ന്യൂസ് ക്ലിക്ക് ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്, പക പോക്കലെന്ന് ആരോപണം

0
89

രാജ്യത്തെ പ്രമുഖ വാർത്താ പോർട്ടലുകളായ ന്യൂസ് ലോൺഡ്രി, ന്യൂസ് ക്ലിക്ക് എന്നിവയുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് അധികൃതരുടെ റെയ്ഡ്. വെള്ളിയാഴ്ച പകൽ പതിനൊന്നരയോടെയാണ് ആദായനികുതി വകുപ്പുദ്യോഗസ്ഥർ ദക്ഷിണ ഡൽഹിയിലെ ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. ഇരു സ്ഥാപനങ്ങളുടെയും സാമ്പത്തികരേഖകൾ പരിശോദിച്ചതാണെന്നും റെയ്ഡ് നടത്തിയിട്ടില്ലെന്നുമാണ് ആദായനികുതി വകുപ്പ് അധികൃതരുടെ അവകാശവാദം. ന്യൂസ് ലോണ്‍ട്രിയുടെ ഓഫീസില്‍ സാമ്പത്തിക രേഖകളും നികുതി സംബന്ധമായ കാര്യങ്ങളും പരിശോധിക്കാനാണ് ഉദ്യോഗസ്ഥർ എത്തിയതെന്നാണ് പറയുന്നത്. എന്നാൽ, ഇതിന്റെ വിശദാംശം പുറത്തുവിട്ടിട്ടില്ല.

ന്യൂസ് ലോണ്‍ട്രിയിലെ ജീവനക്കാരുടെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ന്യൂസ് ക്ലിക്കിന്റെ ചീഫ് എഡിറ്ററുടേയും സീനിയര്‍ എഡിറ്ററുടേയും ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതതെന്നാണ് റിപ്പോർട്ടുകൾ. ‘ രാവിലെ 11.40 നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തിയത്. ആ സമയം 20 പേരാണ് ഓഫീസിലുണ്ടായിരുന്നത്. എല്ലാവരുടേയും ഫോണ്‍ മേശപ്പുറത്ത് വക്കാനും സ്വിച്ച്ഡ് ഓഫ് ചെയ്യാനും നിര്‍ദേശിച്ചു. മൂന്ന് മണിയോടെ ഓഫീസിലെ ചില ജീവനക്കാരോട് പോകാന്‍ പറഞ്ഞു,’ ന്യൂസ് ലോണ്‍ട്രി വൃത്തങ്ങള്‍ പറയുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലും ന്യൂസ് ക്ലിക്കിന്റെ ഓഫീസില്‍ ആദായനികുതിവകുപ്പുദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.
വാർത്ത പോർട്ടലുകളുടെ ഓഫിസുകളിലെ റെയ്ഡ് പക പോക്കലിന്റെ ഭാഗമായാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ അതിനിശിതമായി വിമർശിക്കുന്ന വാർത്താ പോർട്ടലുകളാണ് ന്യൂസ് ലോൺഡ്രിയും ന്യൂസ് ക്ലിക്കും. മഹാമാരിയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന കള്ളക്കളികൾ പുറത്തുകൊണ്ടുവന്നത് സമൂഹ മാധ്യമങ്ങളായിരുന്നു. ഹത്രാസ് പീഡനമടക്കം ആദ്യമായി പുറംലോകത്തെത്തിച്ചത് ന്യൂസ് ലോൺഡ്രിയാണ്. ദേശീയ വാർത്തചാനലുകളുടെ സംഘപരിവാർ വിധേയത്വം തുറന്നുകാട്ടുന്ന നിരവധി വാർത്തകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ അതിശക്തമായി പ്രതികരിക്കുന്ന വാർത്താ പോർട്ടലുകളുടെ ഓഫീസുകളിൽ അടിക്കടി റെയ്ഡ് നടത്തുകയാണ് അധികൃതർ.

സാമൂഹ്യമാധ്യമങ്ങളുടെ സ്വതന്ത്ര പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന പുതിയ ഐടി ചട്ടം ഏതാനും മാസം മുമ്പാണ് കേന്ദ്രം കൊണ്ടുവന്നത്. തങ്ങളെ എതിർക്കുന്നവരെ വരുതിക്ക് നിർത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. തങ്ങളെ വിമർശിക്കുന്നവരെ പ്രതികാരമനോഭാവത്തോടെ സമീപിക്കുകയാണ് കേന്ദ്രം. മറ്റെല്ലാ മേഖലയിലുമെന്നപോലെ, സാമൂഹ്യമാധ്യമങ്ങളെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്നതിനാണ്‌ റൈഡും മറ്റും നടത്തുന്നതെന്നാണ് ആരോപണം.