13ന്‌ ത്രിപുര ഐക്യദാര്‍ഡ്യ ദിനമായി ആചരിക്കുക: സിപിഐ എം

0
56

13ന്‌ ത്രിപുര ഐക്യദാര്‍ഡ്യ ദിനമായി ആചരിക്കുക: സിപിഐ എം

ത്രിപുരയില്‍ സിപിഐ എമ്മിനെതിരെ ബിജെപി നടത്തുന്ന ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനും ത്രിപുരയിലെ പാര്‍ടി പ്രവര്‍ത്തകരോട്‌ ഐക്യദാര്‍ഡ്യം രേഖപ്പെടുത്താനും സെപ്‌തംബര്‍ 13ന്‌ ത്രിപുര ഐക്യദാര്‍ഡ്യ ദിനമായി ആചരിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.
പ്രവര്‍ത്തന സ്വാതന്ത്ര്യത്തേയും ജനാധിപത്യ അവകാശങ്ങളേയും നിഷേധിച്ച്‌ മനുഷ്യത്വഹീനമായാണ്‌ ത്രിപുരയില്‍ ബിജെപിയുടെ അക്രമവും തീവയ്‌പ്പും. മറ്റു പാര്‍ട്ടികളേയും ജനാധിപത്യ പ്രസ്ഥാനങ്ങളേയും മാധ്യമങ്ങളേയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത കടുത്ത ഫാസിസ്റ്റ്‌ ആക്രമണം. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ തുടങ്ങിയതാണ്‌ സിപിഐ എമ്മിനെതിരായ കിരാതമായ ആക്രമണം. പാര്‍ടിയുടെ മുഖപത്രമായ ദേശര്‍കഥയ്‌ക്കെതിരെ നിരന്തരം ആക്രമണമുണ്ടായി. മുന്‍മുഖ്യമന്ത്രി മണിക്‌ സര്‍ക്കാരിന്റെ പരിപാടികളും പതിവായി അക്രമിക്കപ്പെട്ടു. പാര്‍ടി ഓഫീസുകള്‍ക്കും വാഹനങ്ങള്‍ക്കും വ്യാപകമായി തീയിട്ടു. നൂറുകണക്കിന്‌ സിപിഐ എം പ്രവര്‍ത്തകര്‍ക്കാണ്‌ കഴിഞ്ഞ ദിവസം പരിക്കേറ്റത്‌.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയോടെ ത്രിപുരയില്‍ നടത്തുന്ന അതിക്രമങ്ങള്‍ വാര്‍ത്തയാക്കിയ സ്വതന്ത്ര മാധ്യമങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും വെറുതെവിട്ടില്ല. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമുണ്ടായിട്ടും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ അവര്‍ക്ക്‌ കൊടുത്ത വാഗ്‌ദാനങ്ങള്‍ പാലിക്കാനോ ബിജെപി സര്‍ക്കാരിന്‌ കഴിയുന്നില്ല. ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം ത്രിപുര സര്‍ക്കാര്‍ തന്നെ കൂഴപ്പത്തിലാണ്‌. ബിജെപിയെ തുറന്നു കാണിച്ചും ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയും സിപിഐ എം നടത്തുന്ന പ്രക്ഷോഭ പരിപാടികളെ ചോരയില്‍ മുക്കി കൊല്ലാനാണ്‌ ആക്രമണം. അധികാരത്തിലില്ലെന്ന്‌ കരുതി ത്രിപുരയില്‍ സിപിഐ എമ്മിന്റെ വേരറുക്കാമെന്നത്‌ ബിജെപിയുടെ വ്യാമോഹം മാത്രമാണ്‌. അക്രമം തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തി തിരിച്ചടിക്കാനുള്ള ശേഷി ത്രിപുരയിലെ പാര്‍ടിക്കുണ്ട്‌.
അധികാരമുപയോഗിച്ച്‌ എതിരാളികളെ നാമാവശേഷമാക്കാനുള്ള ആര്‍എസ്‌എസിന്റേയും ബിജെപിയുടെയും ആസൂത്രിവും സംഘടിതവുമായ നീക്കമാണ്‌ ത്രിപുരയില്‍ നടക്കുന്നത്‌. ഇതിനെതിരെ സെപ്‌തംബര്‍ 13ന്‌ മുഴുവന്‍ ബ്രാഞ്ച്‌ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിക്കും. കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്‌ വൈകുന്നേരം 5 മുതല്‍ 6 വരെ നടക്കുന്ന ത്രിപുര ഐക്യദാര്‍ഡ്യ ദിനാചരണത്തില്‍ മുഴുവനാളുകളും അണിചേരണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.