സൈനിക വിഭാഗങ്ങളിലെ ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വനിതകള്‍ക്കും നാഷണല്‍ ഡിഫൻസ് അക്കാദമി (എന്‍ഡിഎ) യിലും നേവല്‍ അക്കാദമിയിലും പ്രവേശനം നല്‍കാന്‍ തീരുമാനമെടുത്തതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഡിഫന്‍സ് അക്കാദമിയില്‍ വനിതകള്‍ക്ക് പ്രവേശന പരീക്ഷയില്‍ പങ്കെടുത്തുന്നത് നിഷേധിക്കുന്നത് ഭരണഘടനയുടെ 14, 15, 16, 19 അനുഛേദങ്ങള്‍ പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
എന്‍ഡിയിലൂടെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് വനിതകളെ നിയമിക്കാന്‍ ചൊവ്വാഴ്ച തീരുമാനമെടുത്തതായി കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു. എന്നാല്‍, ഈ അധ്യയനവര്‍ഷം പ്രവേശനം നൽകാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വനിതകളുടെ പ്രവേശനത്തിനുള്ള മാര്‍ഗരേഖ മാര്‍ഗരേഖ ഇല്ല. മാർഗരേഖ തയ്യാറാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ തീരുമാനം സ്വാഗതാർഹമാണെന്ന് പറഞ്ഞ കോടതി, നിലപാട് വ്യക്തമാക്കി സെപ്തംബർ 20നകം സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ നിർദ്ദേശിച്ചു.
സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം അറിയിച്ച കോടതി, നടപടി സ്വീകരിക്കാന്‍ അധികാരികളെ തട്ടിയുണര്‍ത്തേണ്ടിവന്നുവെന്ന് നിരീക്ഷിച്ചു. രാജ്യത്തിന്റെ ബഹുമാനം നേടിയിട്ടുള്ള സൈനിക വിഭാഗങ്ങള്‍ ലിംഗ നീതിയുടെ കാര്യത്തില്‍ കോടതി ഉത്തരവുകള്‍ക്ക് കാത്ത് നില്‍ക്കാതെ കൂടുതല്‍ നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. നേരത്തെ എന്‍ഡിഎ പ്രവേശന പരീക്ഷ എഴുതാന്‍ വനിതകള്‍ക്ക് ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.