മലയാളി സംരംഭകന്റെ ഐ ഡി ഫ്രഷ് ഫുഡിനെതിരെ വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍

0
21

ബംഗളൂരു കേന്ദ്രമായി വയനാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫുഡ് ബ്രാന്‍ഡിനെതിരെ വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍. ഇഡ്‌ലി, ദോശ മിക്‌സുകളിലൂടെ ശ്രദ്ധേയരായ ഐ ഡി ഫുഡ്‌സിനെതിരെയാണ് വ്യാപകമായ വിദ്വേഷ കാമ്പയിന്‍ സംഘപരിവാർ നടത്തുന്നത്. പശുവിന്റെ എല്ലും കൊഴുപ്പും ഉപയോഗിച്ചാണ് ഐ ഡിയുടെ ഫുഡ് പ്രൊഡക്ടുകള്‍ തയ്യാറാക്കുന്നതെന്നാണ് വ്യാജപ്രചാരണം. മാവുകളില്‍ മൃഗക്കൊഴുപ്പ് ചേര്‍ക്കുന്നു എന്ന രീതിയിലുള്ള പ്രചാരമാണ് സംഘപരിവാര്‍ അനുകൂല പേജുകളും ഐഡികളും ഏറ്റെടുത്ത് നടത്തുന്നത്.

ശ്രീനിവാസ എസ് ജി എന്നയാളാണ് ക്യാംപെയ്‌ന് തുടക്കമിട്ടത്. പ്രൗഡ് ഹിന്ദു/ ഇന്ത്യന്‍ എന്നാണ് ഇയാള്‍ തന്റെ ട്വിറ്റര്‍ ബയോയില്‍ കുറിച്ചിരിക്കുന്നത്. ശ്രീനിവാസയുടെ ട്വീറ്റ് ഇതിനോടകം ആയിരക്കണക്കിനാളുകളാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. മാത്രമല്ല, സംഘപരിവാർ ഹാൻഡിലുകൾ ഏത് ഏറ്റെടുത്ത് ഉത്തരേന്ത്യ അടക്കമുള്ള ഇടങ്ങളിൽ പ്രചരിപ്പിക്കുകയാണ്. ‘ഐ ഡി ഇഡലി, ദോശ മാവുകള്‍ വില്‍ക്കുന്ന ചെന്നൈയിലെ എല്ലാ കടക്കാരോടും സൂപ്പര്‍മാര്‍ക്കറ്റുകളോടുമാണ്, അവര്‍ പശുവിന്റെ എല്ലും പശുക്കിടാവിന്റെ വയറ്റില്‍ നിന്നുള്ള എന്‍സൈമുകളും ഇഡലി മാവില്‍ ഉപയോഗിക്കുന്നുണ്ട്. മുസ്‌ലിം ജീവനക്കാര്‍ മാത്രമാണ് കമ്പനിയിലുള്ളതെന്ന് എത്ര പേര്‍ക്കറിയാം. ഇത് ഹലാല്‍ സര്‍ട്ടിഫൈഡുമാണ്,’ ശ്രീനിവാസയുടെ വ്യാജപ്രചരണം ഇങ്ങനെയാണ്. ഓരോ ഹിന്ദുവും ഐ.ഡി.യുടെ മാവും മറ്റ് ഉത്പന്നങ്ങളും വാങ്ങുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഇയാള്‍ പറയുന്നുണ്ട്.

എന്നാല്‍, ഈ പ്രചരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കമ്പനിയും ഐ ഡി സ്ഥാപകന്‍ പി സി മുസ്തഫയും പറഞ്ഞു. തങ്ങളുടെ ഉത്പന്നങ്ങളില്‍ വെജിറ്റേറിയന്‍ ചേരുവകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നും, ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ എല്ലാം തന്നെ കൃത്യമായ പ്രൊപ്പഗാണ്ടയുടെ ഭാഗമാണെന്നും കമ്പനി പറയുന്നു. വര്‍ഷങ്ങളായി ഞങ്ങള്‍ ഇതേ മേഖലയില്‍ ബിസിനസ് ചെയ്യുന്നവരാണ്. ഇപ്പോള്‍ വന്ന വാര്‍ത്തകളെല്ലാം നുണകള്‍ മാത്രമാണ്. എല്ലാ മതവിഭാഗത്തില്‍ നിന്നുള്ള ആളുകളും ഐ.ഡിയില്‍ ജോലി ചെയ്യുന്നുണ്ട്. ഞങ്ങളുടെ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ തന്നെ ആളുകള്‍ക്ക് ഇക്കാര്യം മനസിലാകും. വെജിറ്റേറിയന്‍ ചേരുവകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഐ.ഡി ഇഡലി, ദോശമാവില്‍ അരി, പരിപ്പ്, ഉലുവ, വെള്ളം എന്നിവയാണ് ഉപയോഗിക്കുന്നത്. ഇത് സമ്പൂര്‍ണമായി പ്രകൃതിദത്തമാണ്. ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ മൃഗക്കൊഴുപ്പുകളോ സത്തുക്കളോ ഉപയോഗിക്കുന്നില്ല- ഐ ഡി പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലാണ് ഐ.ഡി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതെന്നും ഇവയില്‍ രാസപദാര്‍ത്ഥങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കില്ലെന്നും ഭക്ഷ്യസുരക്ഷാ മാനേജ്മെന്റ് സംവിധാനത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. വയനാട് സ്വദേശിയായ മുസ്തഫയും സഹോദരങ്ങളുമാണ് ഐ ഡി ഫുഡിന്റെ സ്ഥാപകര്‍.