രാജ്യത്തെ ഗ്രാമീണമേഖലകളിലെ ഓൺലൈൻ പഠനം ‘പരിധിക്ക് പുറത്ത്’

0
46

സ്വന്തം ലേഖകൻ

രാജ്യത്ത് ഗ്രാമീണമേഖലയില്‍ ഓൺലൈൻ പഠനസൗകര്യം ലഭ്യമാകുന്നത് എട്ടുശതമാനം കുട്ടികള്‍ക്ക് മാത്രമെന്ന് സര്‍വേ റിപ്പോർട്ട്‌. നഗരപ്രദേശങ്ങളിൽ ഇത് 24 ശതമാനം. ഗ്രാമങ്ങളിലെ 37 ശതമാനം കുട്ടികൾക്ക്‌ പഠനസൗകര്യം തീർത്തും ഇല്ലെന്ന് സർവേയിൽ വ്യക്തമാക്കുന്നതായി ‘ന്യൂസ് ലോൺഡ്രി’ റിപ്പോർട്ട് ചെയ്തു. സാമ്പത്തികവിദഗ്‌ധരായ ജീൻ ദ്രേസ്‌, റീതിക ഖേര, ഗവേഷകൻ വിപുൽ പൈക്ര എന്നിവരാണ് സർവേ തയ്യാറാക്കിയത്. കോവിഡും അടച്ചിടലും വിദ്യാഭ്യാസമേഖലയിൽ വലിയ കെടുതിയാണ് സൃഷ്ടിച്ചത്.

പതിനഞ്ച്‌ സംസ്ഥാനത്തും കേന്ദ്രഭരണപ്രദേശത്തുമായി ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ 1400 കുട്ടികളുടെ കുടുംബങ്ങളെ ഉൾപ്പെടുത്തി ആഗസ്ത് മാസത്തിലായിരുന്നു സർവേ. മഹാരാഷ്ട്ര, ഉത്തർപ്രദേശ്‌, ഡൽഹി, കർണാടക, തമിഴ്‌നാട്‌, ബംഗാൾ, ചണ്ഡീഗഢ്‌, ജാർഖണ്ഡ്‌, അസം, ബിഹാർ, ഗുജറാത്ത്‌, ഹരിയാന, മധ്യപ്രദേശ്‌, ഒഡിഷ, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങളിലായാണ് സർവേ നടത്തിയത്. കോവിഡും സ്‌കൂൾ അടച്ചിടലും 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി അറുപത് ശതമാനത്തിലേറെപ്പേർക്കും പഠനസൗകര്യം അന്യമാക്കി. വിദ്യാഭ്യാസമേഖലയിലും സാധാരണക്കാരുടെ കുടുംബങ്ങളിലും വലിയ ദുരന്തം ഇതുണ്ടാക്കിയെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു. രണ്ടു വര്ഷമായുള്ള സ്‌കൂൾ അടച്ചിൽ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തിൽ വലിയ അന്തരമുണ്ടാക്കി. തുടർച്ചയായ രണ്ടുവർഷമാണ് പല സംസ്ഥാനങ്ങളിലും വിദ്യാർത്ഥികൾക്ക് നഷ്ടമായത്. വലിയ പ്രശ്നമാണിത്. ഈ സങ്കീർണത പരിഹരിക്കാൻ സർക്കാരുകൾ അടിയന്തിര നടപടികൾ എടുത്തേപറ്റൂ- സർവേ സംഘത്തിലെ അംഗമായ റീതിക ഖേര പറയുന്നു.

സ്‌മാർട്ട്‌ ഫോൺ ഇല്ലാത്തതാണ്‌ ഓൺലൈൻ പഠനത്തിന്‌ പ്രധാന തടസം. സ്‌കൂളുകളിൽനിന്ന്‌ ഓൺലൈനിൽ പഠനസാമഗ്രി ലഭിക്കുന്നില്ല. ചില സ്‌കൂളുകളിൽ നിന്നും ഫോൺ ലഭിച്ചാൽ ഇവാ എങ്ങനെ ഉപയോഗിക്കാൻ എന്നതിനെക്കുറിച്ചുള്ള അജ്ഞതയും സാങ്കേതിക അറിവില്ലായ്മയും കുഴപ്പമാകുന്നുണ്ട്. സാമ്പത്തികബുദ്ധിമുട്ടും പല കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചില വീടുകളിൽ രക്ഷിതാക്കൾക്ക് സ്മാർട്ട് ഫോൺ ഉണ്ടെകിലും അവ പഠനാവശ്യത്തിനായി കുട്ടികൾക്ക് കൊടുക്കുന്നില്ല എന്നതും ഗുരുതര സാഹചര്യങ്ങൾക്ക് ഇടയാക്കുന്നു. രാജ്യത്തെ ഗ്രാമീണ മേഖലകളിൽ കേവലം 15 ശതമാനം പേർ മാത്രമേ പതിവായി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നുള്ളു. നഗരമേഖലകളിൽ ഇത് 31 ശതമാനവും. സ്മാർട്ട്ഫോൺ വാങ്ങാനുള്ള ചെലവും ഡാറ്റ നിരക്കുമെല്ലാം പതിവായി ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്നു. അഥവാ വിദ്യാർഥികൾ ആഗ്രഹിച്ചാലും നിത്യവൃത്തി പ്രതിസന്ധിയിലായതിനാൽ രക്ഷിതാക്കളും ഇതിനോട് വിമുഖത കാട്ടുന്നു. ചിലയിടങ്ങളിൽ നെറ്റവർക്ക് കിട്ടാത്തതും ഓൺലൈൻ പഠനത്തിന് തടസമാകുന്നു.

ഓൺലൈൻ ക്‌ളാസുകളിൽ കുട്ടികൾക്ക് കൃത്യമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല എന്ന പ്രശ്നം കൂടിയുണ്ട്. വീട്ടിൽ നിന്നും ചെയ്യേണ്ട പല പഠനപ്രവർത്തനങ്ങൾ യഥാസമയം നടക്കുന്നില്ല. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾ ഇല്ലാതായതും കുട്ടികളെ ബാധിച്ചു. പ്രൈമറി ക്ലാസുകളിലെ വിദ്യാർത്ഥികളുടെ എഴുതാനും വായിക്കാനുമുള്ള ശേഷിയും ഇടിഞ്ഞു. സർവേയിലെ കണക്കനുസരിച്ച് മൂന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ പകുതിയിലേറെ കുട്ടികളും കൂടുതൽ വാക്കുകൾ കൂട്ടിച്ചേർത്ത് വായിക്കാൻ കഴിയാത്തവരാണെന്നാണ്. ഗ്രാമീണമേഖലകളിൽ 42 ശതമാനം കുട്ടികൾക്കും ഒരു വാക്ക് പോലും കൂട്ടിവായിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പലയിടങ്ങളിലും വർഷാന്ത പരീക്ഷ നടത്താതെ കുട്ടികളെ ജയിപ്പിച്ചുവിടുന്നതും വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.