നിപാ: 16 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്‌

0
42

 

നിപാ ബാധിച്ച്‌ മരിച്ച 12 വയസുകാരന്റെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 16 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ്‌ ആയതായി മന്ത്രി വീണാ ജോർജ്ജ്‌ അറിയിച്ചു. ഇവർക്ക്‌ മൂന്നുദിവസംകൂടി കഴിഞ്ഞാൽ വീട്ടിലേക്ക്‌ മടങ്ങാം. വീടുകളിൽ എത്തിയാലും നിരീക്ഷണത്തിൽ തുടരണം. ഇതുവരെ 46 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്‌. 265 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. 68 പേര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 12 പേർക്ക്‌ കൂടി രോഗലക്ഷണങ്ങൾ ഉണ്ട്‌. ഇവർക്ക്‌ സാധാരണ പനി മാത്രമാണ്‌ ഉള്ളത്‌. ആരോഗ്യനില തൃപ്‌തികരമാണ്‌.
കോഴിക്കോട്‌ ജില്ലയിൽ നിർത്തിവച്ച വാക്‌സിനേഷൻ നാളെ പുനരാരംഭിക്കും. കണ്ടെയ്‌മെന്റ്‌ സോണുകളിൽ ഒഴികെയാണ്‌ വാക്‌സിനേഷൻ. പഴങ്ങൾ നന്നായി കഴുകത്തന്നെ ഉപയോഗിക്കണം. താഴെ വീണ്‌ കിടക്കുന്ന പഴങ്ങൾ കഴിക്കരുത്‌. നിപായുടെ ഉറവിടം കണ്ടെത്തുന്നതിനായി അഞ്ച്‌ വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ച്‌ പൂനെയിലേക്ക്‌ അയക്കുകയാണ്‌. ഉറവിടം കണ്ടെത്തുന്നതിനായി പൂനെയിൽനിന്ന്‌ സംഘം കേരളത്തിലെത്തും. ശാസ്‌ത്രീയമായിത്തന്നെ വവ്വാലുകളെ പിടിച്ച്‌ പരിശോധന നടത്തും. കേന്ദ്രസംഘം തദ്ദേശസ്ഥാപനങ്ങളിൽ അവരുടെ പരിശോധന തുടരുകയാണ്‌ – മന്ത്രി പറഞ്ഞു.