പാക്കിസ്ഥാനെതിരെ കാബൂളിൽ പ്രകടനം നടത്തിയവർക്കെതിരെ താലിബാന്‍ വെടിവെയ്പ്പ്

0
31

 

പാകിസ്ഥാനെതിരെ കാബൂളിലെ തെരുവില്‍ സ്‌ത്രീകളുള്‍പ്പടെയുള്ളവർ നടത്തിയ പ്രകടനത്തിനുനേരെ താലിബാൻ വെടിവെച്ചതായി റിപ്പോര്‍ട്ട്. താലിബാനെ പാക്കിസ്ഥാന്‍ സഹായിക്കുന്നെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അഫ്ഗാനിസ്ഥാന്‍ ജനതയുടെ പ്രതിഷേധ പ്രകടനം. പാക്കിസ്ഥാനും ചാരസംഘടനയായ ഐഎസ്ഐക്കുമെതിരെയാണ് ജനക്കൂട്ടം മുദ്രാവാക്യം മുഴക്കിയത്. കഴിഞ്ഞയാഴ്ച മുതല്‍ പാക്കിസ്ഥാന്‍ ഐഎസ്ഐ ഡയറക്ടര്‍ കാബൂളില്‍ ഉണ്ട്. ഇയാള്‍ താമസിക്കുന്ന കാബൂള്‍ സെറീന ഹോട്ടലിലേക്കായിരുന്നു പ്രതിഷേധക്കാരുടെ മാര്‍ച്ച്. സ്ത്രീകള്‍ ഉള്‍പ്പടെയുള‌ള പ്രതിഷേധക്കാര്‍ ‘പാകിസ്ഥാന്‍ അഫ്ഗാന്‍ വിടുക’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചാണ് നടന്നുനീങ്ങിയത്. ഇതിനിടയിലാണ് താലിബാൻ വെടിയുതിർത്തത്. കാബൂളിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ക്ക് നേരെ താലിബാന്‍ വെടിവെപ്പ് നടത്തിയെന്ന് അഫ്ഗാനിലെ പ്രാദേശിക മാധ്യമമായ അശ്വക ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.