സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിന് പ്രശാന്ത് നായര്‍ ഐഎഎസിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മാതൃഭൂമിയിലെ വനിതാ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതിനാണ് കേസ്. പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായ എന്‍ പ്രശാന്ത് മാധ്യമ പ്രവര്‍ത്തകയുടെ ചാറ്റിനോട് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നല്‍കി സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്നായിരുന്നു കെയുഡബ്ല്യൂജെയുടെ പരാതി.
ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ സഹിതമുള്ള മറുപടി പ്രശാന്ത് തിരിച്ചയച്ചത്. പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ആണെന്ന വിവരം ചൂണ്ടിക്കാട്ടി പ്രശാന്തിനു സന്ദേശമയച്ചപ്പോള്‍ നടന്‍ സുനില്‍ സുഖദയുടെ ചിത്രമുള്ള സ്റ്റിക്കര്‍ അയച്ചായിരുന്നു ആദ്യ മറുപടി. എന്താണു പ്രതികരണം എന്നറിയാന്‍ മാത്രമാണ് എന്നറിയിച്ചപ്പോള്‍ നടിയുടെ അശ്ലീലമുഖമുള്ള സ്റ്റിക്കറായിരുന്നു രണ്ടാമത്തെ മറുപടി.
എന്തു തരത്തിലുള്ള പ്രതികരണമാണ് ഇതെന്നു വീണ്ടും ചോദിച്ചപ്പോള്‍ മറ്റൊരു നടിയുടെ മുഖമുള്ള സ്റ്റിക്കര്‍ പിന്നീടും മറുപടിയായെത്തി. ഇത്ര തരംതാഴ്ന്ന പ്രതികരണം താങ്കളെപ്പോലെ ഒരു സര്‍ക്കാര്‍ പദവിയില്‍ ഇരിക്കുന്ന ആളില്‍ നിന്നു പ്രതീക്ഷിച്ചില്ലെന്നും ഇക്കാര്യം അധികാരികളോടു പരാതിപ്പെടുമെന്നും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നാണ് താങ്കള്‍ ആദ്യം പഠിക്കേണ്ടതെന്നും പറഞ്ഞപ്പോഴാണ് ഒരു ടെക്സ്റ്റ് മെസേജിലൂടെ പ്രശാന്ത് മറുപടി നല്‍കാന്‍ തയാറായത്.
‘വാര്‍ത്ത ചോര്‍ത്തിയെടുക്കാനുള്ള വിദ്യ കൊള്ളാം, തെറ്റായ ആളുടെ അടുത്ത് തെറ്റായ വിദ്യയായിപ്പോയി’ എന്നുപറഞ്ഞു സംഭാഷണം അവസാനിപ്പിച്ചു. തൊട്ടു പിന്നാലെ ചില മാധ്യമപ്രവര്‍ത്തകരെ തോട്ടിപ്പണിക്കാരായി താരതമ്യപ്പെടുത്തുന്നതില്‍ അദ്ഭുതമില്ലെന്നു വീണ്ടും ഒരു മെസേജ് കൂടി. പത്രസ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇദ്ദേഹത്തെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. പിന്നീട്, ആദ്യം അയച്ച സ്റ്റിക്കര്‍ മെസേജുകള്‍ ഡിലീറ്റും ചെയ്തു